Thursday, June 7, 2012

അന്തിവെയിലില്‍....


All the world's a stage,
And all the men and women merely players;  They have their exits and their entrances,
And one man in his time plays many parts,  His acts being seven ages. 
      
             കവിതയിലെ വരികള്‍ ഉറക്കെ വായിച്ചു, കയ്യിലിരുന്ന ബുക്ക്‌ മേശമേല്‍ വച്ച്, സെബാസ്ത്യന്‍ മാഷ്‌ പാഠ ഭാഗത്തിന്റെ വിശദീകരണത്തിലേക്കു കടന്നു. ജീവിത നാടകത്തിലെ ഏഴു വേഷങ്ങള്‍ പറഞ്ഞു തരാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും, പകുതിയോളം ഇനിയും ബാക്കിയാണ്. ഞങ്ങളാണെങ്കില്‍ ഇതിപ്പോഴൊന്നും തീരല്ലെയെന്ന പ്രാര്‍ത്ഥനയിലും. അത്രയ്ക്ക് രസകരമാണ്‌ മാഷിന്റെ ക്ലാസ്. ചെറിയ കാര്യങ്ങള്‍ പോലും, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രങ്ങളും, പുരാണങ്ങളും പറഞ്ഞു പറഞ്ഞു, ഒരു മാന്ത്രികനെ പോലെ ഞങ്ങളെ മറ്റൊരു ലോകത്തേക്കു കൈപിടിച്ചു നടത്തും. അതു കൊണ്ടു തന്നെ പാഠഭാഗങ്ങളെക്കാള്‍ പരിചയം ഗ്രീക്ക് ദേവന്മാരും ദേവതമാരുമായിരുന്നു..!
                  കാലങ്ങള്‍ക്കിപ്പുറം, എല്ലാം ഓര്‍മകള്‍ക്കു വെളിയിലായി. ഇടക്കൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുമെങ്കിലും, ദേവതമാരുടെയോന്നും പേരു പോലും ഓര്‍ത്തെടുക്കാന്‍ കഴിയാറില്ലെന്നതു സത്യം..! കഴിഞ്ഞ ദിവസമാണ് വീണ്ടും മാഷിന്റെ ഫോണ്‍ വന്നത്. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നോര്‍മിപ്പിച്ചു കൊണ്ട്. അപ്പോള്‍ തുടങ്ങിയതാണ്‌ ആ വേഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍. ഒത്തുവന്നാല്‍ ഈ വരികള്‍ വിവരിച്ചു, കൂട്ടുകാരുടെ മുന്നില്‍ ആളാവാലോ.. മാഷിനും വലിയ സന്തോഷമാകും..!
          ഓര്‍മ കൂമ്പാരങ്ങളില്‍ ചിക്കിചികഞ്ഞിട്ടും ആറാമത്തെ വേഷം മാത്രം കണ്ടില്ല. പണ്ടും ഇങ്ങനെയായിരുന്നു. പരീക്ഷയില്‍ ഇതെഴുതുമ്പോള്‍, ബാല്യവും കൌമാരവുമെല്ലാം ആടിയതും ആടിക്കൊണ്ടിരിക്കുന്നതുമായ വേഷങ്ങളായതിനാല്‍ പെട്ടെന്ന് എഴുതാന്‍ കഴിഞ്ഞു. അല്ലെങ്കിലും ബാല്യ കൌമാരം മറക്കാന്‍ കഴിയുന്ന മനുഷ്യരുണ്ടോ...! പിന്നെ മൂന്നാമത്തെ വേഷം, അതായിരുന്നു മാഷ്‌ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിശദീകരിച്ചത്.. 'കാമുകന്റെ വേഷം'..!
ഇന്നിന്റെയും ഇന്നലകളുടെയും പ്രണയത്തെ കുറിച്ചു വാചാലനായപ്പോള്‍ പലരും മുഖത്തോടു മുഖം നോക്കി വായ പൊത്തി ചിരിച്ചു. 
അന്ന് മാഷ്‌ പറഞ്ഞു.. ''ആരും ചിരിക്കേണ്ട. പച്ചയായ സത്യങ്ങളാണ് ഷേക്സ്പിയര്‍ പറഞ്ഞിട്ട് പോയത്, ഇതും അതിലൊന്നാണ്. ഈ പ്രായത്തില്‍ ആണിനു പെണ്ണിനോടും, പെണ്ണിനു ആണിനോടും ആകര്‍ഷണം തോന്നും, അത് പ്രകൃതി നിയമമാണ്''. 
അതു കേട്ടും പലരും ചിരിച്ചു.. അതു കണ്ടു മാഷ്‌ തുടര്‍ന്നു...
''അങ്ങനെ തോന്നാത്തവര്‍, അതു ആണായാലും പെണ്ണായാലും അവര്‍ നോര്‍മലല്ല എന്നു വേണം കരുതാന്‍..''
  
മാഷിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണെന്നു തോന്നുന്നു..., വിധിയാല്‍ വിധവയാകേണ്ടി വന്ന ഒരാളെ വിവാഹം ചെയ്തു, ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന ആഗ്രഹം പോലും മാറ്റി വച്ച്,  എന്നും ഒളികണ്ണിട്ടു മാത്രം നോക്കിയിട്ടുള്ള, മൂന്നാമത്തെ ബെഞ്ചിലെ പര്‍ദക്കാരിയെ ഞാന്‍ ധൈര്യത്തോടെ നോക്കി തുടങ്ങിയത്..!


Thursday, March 22, 2012

വിള തിന്നുന്ന വേലികള്‍...

അദ്ദേഹം അങ്ങനെയാണ്...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിനു താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താന്‍ അദ്ദേഹം വേഗത്തില്‍ നടന്നു...

ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളെയും, തന്നെ നോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നു നീങ്ങുന്നവരെയും തണുപ്പ് പുതച്ചു നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്നു പാടുന്ന പക്ഷികളെയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടെയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നു കൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം.
                       
 നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍, ആവശ്യത്തിനുമാത്രം സംഭാഷണം.. ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തില്‍ വേറെയില്ലെന്ന് പലരും പറയാറുണ്ട്‌ . പ്രത്യേകിച്ച് , ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലോ... മാത്രമല്ല സ്വന്തവും ബന്ധവും മറക്കുന്ന, തിരക്കു പിടിച്ച ജീവിതത്തിലും സഹജീവികള്‍ക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാനുള്ള മനസ്സ്, അയാളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള പ്രവര്‍ത്തനം അയാളെ ബഹുമാന്യനാക്കി. ഒരുതരത്തില്‍ പറഞ്ഞാല്‍, പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ കാരണമായത് അച്ഛന്റെ മദ്യപാനം അയാള്‍ക്കു സമ്മാനിച്ച ചില കയ്പേറിയ അനുഭവങ്ങളും....... 

Tuesday, February 21, 2012

കഥ പറയുന്ന ഖബറുകള്‍...


    പൂത്തുലഞ്ഞ മൈലാഞ്ചി ചെടികള്‍ അസ്തമയ സൂര്യന്റെ മഞ്ഞ വെളിച്ചത്തില്‍ തിളങ്ങി നിന്നു. ഇളംകാറ്റില്‍, തന്നെ മാടി വിളിക്കുവതെന്നോണം ഇളകിയാടുന്ന തളിരിലകളില്‍ തഴുകി മുന്നോട്ടു നടക്കുമ്പോള്‍ ശ്മശാനമൂകതയെന്നതു ശരിക്കും അനുഭവിച്ചറിയുകയായിരുന്നുപ്രിയപ്പെട്ടവരുടെ വിയോഗങ്ങളുടെ വേദനകള്‍ പൂവായ് വിരിഞ്ഞു നിൽക്കുന്നു....! അതിനിടയിലൂടെ... തനിക്കായി പൂവിട്ട മൈലാഞ്ചിയുടെ അടുത്തെത്തിയപ്പോള്‍ കാലുകള്‍ അറിയാതെ നിശ്ചലമായി. നിറയെ പൂവും കായകളുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ മാറോടു ചേർത്തു പിടിക്കാനാണു തോന്നിയത്... അതെ... അത് അവളാണ്, തന്റെ കുഞ്ഞു പെങ്ങൾ..! ഇതിനു താഴെ ഈ ഖബറിലാണല്ലോ അവളുറങ്ങുന്നത്..!

           അവള്‍ക്കും മൈലാഞ്ചി ജീവനായിരുന്നു. ഇല പറിച്ചു, അമ്മിയില്‍ അരച്ചെടുത്തു കുഞ്ഞു കയ്യിലിട്ടു കൊടുക്കുമ്പോള്‍ അവളുടെ കയ്യിലെ ചുവപ്പിനെക്കാള്‍ തന്നെ സന്തോഷിപ്പിച്ചിരുന്നത്‌ ആ കണ്ണിലെ തിളക്കമായിരുന്നു. ഇന്നാണെങ്കില്‍ സ്വന്തം ജീവന്‍ കൊടുത്തിട്ടാണെങ്കിലും ആ തിളക്കം കാത്തു വെക്കുമായിരുന്നു. 
               ഒരിക്കല്‍ മൈലാഞ്ചിക്കായ കടലയാണെന്നും പറഞ്ഞു കൊടുത്തതും, വായിലിട്ടു ചവച്ചു ഇളിഭ്യയായപ്പോള്‍ ബാക്കി വന്ന കായ തന്റെ നേരെ വലിച്ചെറിഞ്ഞു അവള്‍ പറഞ്ഞത്.. ''ഈ കടല കാക്കാന്റെ ഓള്‍ക്ക് കൊണ്ട് കൊടുക്ക്‌''...  ഓര്‍ത്തപ്പോള്‍ തന്നെ കണ്ണു നിറഞ്ഞു. 
        വര്‍ഷങ്ങളുടെ ഇടവേളകളില്‍ വീണുകിട്ടുന്ന അവധിയില്‍, ഇവിടേക്കുള്ള വരവ് എന്നും തന്റെ കണ്ണു നനയിച്ചിട്ടെയുള്ളൂ. ഇനിയും ഇവിടെ നിന്നാല്‍ താന്‍ നിയന്ത്രണം വിട്ടു കരഞ്ഞു പോകും. കണ്ണുകള്‍ അമര്‍ത്തി തുടച്ചു, ഒരു കുല കായ പറിച്ചെടുത്തു ഖബറിനു മുകളിലായി അവളുടെ വലതു കയ്യിന്റെ ഭാഗത്തു വച്ചു കൊടുത്തു. വെറുതെയാണെന്നറിഞ്ഞിട്ടും മറുപടിക്കായി ഒരു നിമിഷം കാത്തു നിന്ന്, നിരാശയോടെ നടക്കാനൊരുങ്ങിയപ്പോഴാണ് തൊട്ടടുത്തായി പണിത പുതിയ ഖബര്‍ കണ്ണില്‍ പെട്ടത്. കഴിഞ്ഞതവണ വന്നപ്പോള്‍ ഇതിവിടെ ഇല്ലായിരുന്നല്ലോ എന്ന ആകാംക്ഷയിലാണ് മീസാന്‍ കല്ലില്‍ മനോഹരമായി കൊത്തിവച്ച പേരിലേക്ക് നോക്കിയത്...

Wednesday, November 23, 2011

ജനറേഷന്‍ ഗ്യാപ്‌.......!!

                  ച്ചയൂണും കഴിഞ്ഞു ,കുടവയറില്‍ തടവി കൊണ്ട് രവി മേനോന്‍ പതുക്കെ എഴുന്നേറ്റു. വലിയ ശബ്ദത്തില്‍ ഏമ്പക്കം വിട്ടു , നേരെ പോയി പൂമുഖത്തെ ചാരു കസേരയില്‍ മലര്‍ന്നു കിടന്നു. ഈര്‍ക്കില്‍ കൊണ്ട് പല്ലിട കുത്തി ചുറ്റുപാടും കണ്ണോടിച്ചു. ഉച്ച വെയിലിന്റെ കാഠിന്യം കൊണ്ടാണെന്ന് തോന്നുന്നു, റോഡിലൊന്നും ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. വെയില്‍ വക വെക്കാതെ മുറ്റത്തിന്റെ കോണിലെ പേര മര ചുവട്ടില്‍ അപ്പു മോന്‍  മണ്ണില്‍ കളിക്കുന്നുണ്ട്. ഒറ്റയ്ക്ക് സംസാരിച്ചും , പാട്ട് പാടിയും ചിരട്ടയില്‍ മണ്ണ് നിറച്ചു കളിക്കുന്ന മകനെ കണ്ടപ്പോള്‍ മേനോന്  ഓര്‍മ വന്നത് തന്റെ തന്നെ കുട്ടികാലമായിരുന്നു. 
താനും ഒറ്റക്കായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. അവധി ദിവസങ്ങളില്‍ ഇതേ മുറ്റമായിരുന്നു തന്റെയും കളിസ്ഥലം.  കൂട്ടുകാരൊക്കെ പാടത്ത് പോയി കളിക്കുമ്പോഴും,  ഈ മുറ്റം വിട്ടു പുറത്തു പോകരുതെന്ന അച്ഛന്റെ കല്പന തെറ്റിക്കാന്‍ ഭയമായിരുന്നു.  പൂമുഖത്തെ ചാരു കസേരയില്‍ ഇരിക്കുന്ന അച്ഛന്റെ കണ്ണ് വെട്ടിച്ചു പുറത്തു പോകുക എന്നതും എളുപ്പമായിരിന്നില്ല..  അച്ഛന്‍ മരിച്ചിട്ടും കസേര ഇവിടുന്നു മാറ്റാന്‍ എന്തോ മനസ്സനുവദിച്ചില്ല. ഇത് ഇവിടെ ഉള്ളപ്പോള്‍ അച്ഛന്‍ ഈ വീട്ടില്‍ ഉണ്ടെന്ന ഒരു തോന്നല്‍. താന്‍ മുറ്റത്ത്‌ കളിക്കുമ്പോള്‍ പുറം കാഴ്ചകളില്‍ മുഴുകി അച്ഛന്‍ ഇവിടെ ഇരിക്കുന്നുണ്ടാവും.. താന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നതും പാടുന്നതുമൊക്കെ പറഞ്ഞു അച്ഛന്‍ കളിയാക്കുമായിരുന്നു.. ...... ............
രവി മേനോന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് പാഞ്ഞു...

Tuesday, November 1, 2011

മല്ലൂസിന്റെ കൂടെ ഒരു രാത്രി യാത്ര..


               ശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബംഗ്ലൂര്‍ സെന്‍ട്രല്‍  റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയാണെന്ന അവസാന അറിയിപ്പും വന്നു.  പാതാള വഴിയിലൂടെ ഒരു തരത്തില്‍ ഓടി എട്ടാമത്തെ പ്ലാറ്റ്ഫോമും കടന്നു. ഒന്‍പതില്‍ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ സാഹസികമായി കയറിപറ്റി. കാലുകുത്താന്‍ ഇടമില്ലാത്ത തിരക്ക്, പാന്‍ മസാലയുടെയും വിയര്‍പ്പിന്റെയും വൃത്തികെട്ട മണം കംബാര്‍ട്ട്മെന്റില്‍ നിറഞ്ഞു നിന്നു . ചുമലില്‍ തൂങ്ങുന്ന ബാഗ്‌ എവിടെയെങ്കിലും ഇറക്കി വച്ചില്ലെങ്കില്‍ നടുവിനേറ്റ വളവു പിന്നെ നീര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. തിരക്കിനിയടയിലൂടെ പലരുടെയും കാലില്‍ ചവിട്ടി മുന്നോട്ടു നീങ്ങി. പലരും കണ്ണുരുട്ടി കാണിക്കുന്നുണ്ട്. ചിലര്‍ എന്തൊക്കെയോ പറയുന്നുണ്ട് . അവരുടെ ഭാഷ കന്നഡ ആയതു കൊണ്ടും , ഞാന്‍ മാന്യനായ ഒരു മലയാളി ആയതു കൊണ്ടും ഒന്നും തിരിച്ചു പറയാന്‍ നിന്നില്ല. ഇനി എന്തേലും പറഞ്ഞാല്‍ തന്നെ , എന്റെ തടി കേടാകും എന്നല്ലാതെ വേറൊന്നും സംഭവിക്കാന്‍ പോണില്ല എന്നെനിക്കു നന്നായി അറിയാം..  ബെര്‍ത്തില്‍ കിടക്കുന്ന ഒരുത്തന്റെ കാല്‍ക്കല്‍ ബാഗ് തിരുകി കയറ്റി. അവന്‍ തലയുയര്‍ത്തി കന്നടയില്‍ എന്തോ പറഞ്ഞു. '' ഡേയ്.. ജാസ്തി മാതാട് ബേഡാ'' ...  ഏതോ സിനിമയില്‍ കേട്ട ഡയലോഗ് എന്റെ ഉള്ളില്‍ നിന്നും അവനെ ലക്ഷ്യമാക്കി വന്നെങ്കിലും  ന്യുട്ടണ്‍ സാറിന്റെ പ്രതിപ്രവര്‍തന സിദ്ധാന്തം അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു,  പറയാന്‍ വന്നത് വായില്‍ തങ്ങി നിന്നു എന്ന് മാത്രമല്ല പകരം പുറത്തു വന്നത് യാചന ഭാവത്തിലുള്ള ഒരു ചിരിയും. ആ ചിരിയില്‍ അവന്‍ തണുത്തു. ''പോടാ പുല്ലേ '' എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍  പിന്നെയും ഇഴഞ്ഞും തുഴഞ്ഞും കുറച്ചുകൂടി മുന്നോട്ടു പോയി. കാഴ്ചയില്‍ മലയാളികള്‍ ആണെന്ന് തോന്നിയ കുറെ ചേട്ടന്മാര്‍ ഇരിക്കുന്ന രണ്ടു സീറ്റുകളുടെ ഇടയിലേക്ക് കയറി നിന്നു.

Thursday, October 6, 2011

കഥ തുടരുന്നു...


             രാത്രി ഏറെയായിട്ടും പള്ളിയില്‍ നിന്നും ആരും പിരിഞ്ഞു പോയില്ല. പതിവിനു വിപരീതമായി പിന്നെയും ആളുകള്‍ വന്നു കൊണ്ടിരുന്നു. മരിച്ചു പോയവരുടെ ആത്മ ശാന്തിക്ക് വേണ്ടി എന്തോ പ്രത്യേക പ്രാര്‍ത്ഥന നടക്കുകയാണ്. പ്രാര്‍ത്ഥന പുരോഗമിക്കുന്നതിനു അനുസരിച്ച് ശബ്ദം കൂടി കൂടി വന്നു. ശബ്ദം അസഹനിയമായപ്പോള്‍ പള്ളിക്കാട്ടില്‍ നിന്നും മുഹമ്മദ്‌ പതിയെ എഴുന്നേറ്റു.   കൂടെയുള്ളവരെ ഉണര്‍ത്താതെ പതുക്കെ നടന്നു. ചുടല വളവില്‍ അയ്യപ്പന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

''ഇതാരാ പുതിയ ആള്‍.. മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ...?''.
''ഇത് തോമ , പുതിയ ആളാണ്‌... '' അയ്യപ്പന്‍ കൂടെയുള്ളവനെ തൊട്ടു പറഞ്ഞു...

              മൂന്നു പേരും കൂടി നേരെ പോയത് കടല്‍ കരയിലെക്കായിരുന്നു...  കാലുറച്ച കാലം മുതല്‍ ഓടിനടന്ന , കാമിനിയെ കാത്തിരുന്ന, കാലം മാറിയപ്പോള്‍ വലയും തുഴയുമായി നടന്ന,  കരയില്‍ കാത്തിരിന്നവരുടെ കണ്ണീര്‍ നനഞ്ഞ , കാലനായി ഓടി നടന്നു രക്തം വാര്‍ന്നു തളര്‍ന്നു വീണ, ആ പഴയ തീരം. ...... പഴയ ഓര്‍മ്മകള്‍ അയവിറക്കി അങ്ങനെ ഇരുന്നു.

''ഓര്‍മയില്ലേ ഈ തീരം...?''

Friday, September 16, 2011

ചിരിയുടെ വില...

''' ബോസ്സിനെയും കമ്പനിയേയും പറ്റിച്ചു പണിയെടുക്കാതെ ചാറ്റിങ്ങും ചീറ്റിങ്ങുമായി സമയം പാഴാക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കൂട്ടായിമയാണ് ഫേസ് ബുക്ക്‌..'''
                കൂട്ടുകാരന്‍റെ സ്റ്റാറ്റസ് അപ്ഡേറ്റ് വായിച്ചു ലൈക്‌ അടിച്ചു, ഫേസ് ബുക്കില്‍ ഇരുന്നു കൊണ്ടാണ് ആ മഹാന്‍ ഫേസ് ബുക്കിനെ  കുറ്റം പറയുന്നത്.. കമ്മന്റ്  അടിക്കണോ... എന്ത് കമെന്റും..? അവന്‍ പറഞ്ഞത് സത്യമാണ്, അപ്പൊ എതിര്‍ത്ത് കമന്റാന്‍ പറ്റില്ല. അപ്പൊ കമ്മന്റ് വേണ്ട.. ചുമ്മാ കമന്റടിച്ചു പോകാന്‍ എന്നെ കിട്ടില്ല... മറ്റുള്ളവരുടെ പോസ്റ്റിനെ കുത്തി കീറി പോസ്റ്റ്‌ മോര്‍ട്ടം നടത്തി അതിലെ കുറ്റം കണ്ടു പിടിച്ചു , അതിനെ എതിര്‍ത്ത് കമന്റിട്ടു വാക് പയറ്റ് നടത്താനാണ് എനിക്കിഷ്ടം, അതിനു മാത്രമാണ് ഞാന്‍ ഫേസ് ബുക്കില്‍ വരുന്നത് തന്നെ.. എന്നും ആരെയെങ്കിലും വട്ടു പിടിപ്പിക്കണം, അല്ലാതെ കിടന്നാല്‍ ഉറക്കം വരില്ലന്നെ, .. എന്നും ഏതെങ്കിലും ഒരു സുഹൃത്ത് എന്‍റെ ഇര ആവാറുണ്ട്, ഇന്നും ആരെയെങ്കിലും കിട്ടും, കിട്ടാതിരിക്കില്ല. അവരില്ലാതെ എനിക്കെന്താഘോഷം.....അല്ലെ... 
          ഓരോരുത്തരുടെയും വാള്‍ പോസ്റ്റുകള്‍ ചിക്കി ചികഞ്ഞു നടക്കുന്നതിനിടയിലാണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ പോസ്റ്റിങ്ങ്‌ കണ്ണില്‍ പെട്ടത്...