പൂത്തുലഞ്ഞ മൈലാഞ്ചി ചെടികള്‍ അസ്തമയ സൂര്യന്റെ മഞ്ഞ വെളിച്ചത്തില്‍ തിളങ്ങി നിന്നു. ഇളംകാറ്റില്‍, തന്നെ മാടി വിളിക്കുവതെന്നോണം ഇളകിയാടുന്ന തളിരിലകളില്‍ തഴുകി മുന്നോട്ടു നടക്കുമ്പോള്‍ ശ്മശാനമൂകതയെന്നതു ശരിക്കും അനുഭവിച്ചറിയുകയായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗങ്ങളുടെ വേദനകള്‍ പൂവായ് വിരിഞ്ഞു നിൽക്കുന്നു....! അതിനിടയിലൂടെ... തനിക്കായി പൂവിട്ട മൈലാഞ്ചിയുടെ അടുത്തെത്തിയപ്പോള്‍ കാലുകള്‍ അറിയാതെ നിശ്ചലമായി. നിറയെ പൂവും കായകളുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ മാറോടു ചേർത്തു പിടിക്കാനാണു തോന്നിയത്... അതെ... അത് അവളാണ്, തന്റെ കുഞ്ഞു പെങ്ങൾ..! ഇതിനു താഴെ ഈ ഖബറിലാണല്ലോ അവളുറങ്ങുന്നത്..!
അവള്‍ക്കും മൈലാഞ്ചി ജീവനായിരുന്നു. ഇല പറിച്ചു, അമ്മിയില്‍ അരച്ചെടുത്തു കുഞ്ഞു കയ്യിലിട്ടു കൊടുക്കുമ്പോള്‍ അവളുടെ കയ്യിലെ ചുവപ്പിനെക്കാള്‍ തന്നെ സന്തോഷിപ്പിച്ചിരുന്നത് ആ കണ്ണിലെ തിളക്കമായിരുന്നു. ഇന്നാണെങ്കില്‍ സ്വന്തം ജീവന്‍ കൊടുത്തിട്ടാണെങ്കിലും ആ തിളക്കം കാത്തു വെക്കുമായിരുന്നു.
ഒരിക്കല്‍ മൈലാഞ്ചിക്കായ കടലയാണെന്നും പറഞ്ഞു കൊടുത്തതും, വായിലിട്ടു ചവച്ചു ഇളിഭ്യയായപ്പോള്‍ ബാക്കി വന്ന കായ തന്റെ നേരെ വലിച്ചെറിഞ്ഞു അവള്‍ പറഞ്ഞത്.. ''ഈ കടല കാക്കാന്റെ ഓള്‍ക്ക് കൊണ്ട് കൊടുക്ക്''... ഓര്‍ത്തപ്പോള്‍ തന്നെ കണ്ണു നിറഞ്ഞു.
വര്‍ഷങ്ങളുടെ ഇടവേളകളില്‍ വീണുകിട്ടുന്ന അവധിയില്‍, ഇവിടേക്കുള്ള വരവ് എന്നും തന്റെ കണ്ണു നനയിച്ചിട്ടെയുള്ളൂ. ഇനിയും ഇവിടെ നിന്നാല്‍ താന്‍ നിയന്ത്രണം വിട്ടു കരഞ്ഞു പോകും. കണ്ണുകള്‍ അമര്‍ത്തി തുടച്ചു, ഒരു കുല കായ പറിച്ചെടുത്തു ഖബറിനു മുകളിലായി അവളുടെ വലതു കയ്യിന്റെ ഭാഗത്തു വച്ചു കൊടുത്തു. വെറുതെയാണെന്നറിഞ്ഞിട്ടും മറുപടിക്കായി ഒരു നിമിഷം കാത്തു നിന്ന്, നിരാശയോടെ നടക്കാനൊരുങ്ങിയപ്പോഴാണ് തൊട്ടടുത്തായി പണിത പുതിയ ഖബര്‍ കണ്ണില്‍ പെട്ടത്. കഴിഞ്ഞതവണ വന്നപ്പോള്‍ ഇതിവിടെ ഇല്ലായിരുന്നല്ലോ എന്ന ആകാംക്ഷയിലാണ് മീസാന്‍ കല്ലില്‍ മനോഹരമായി കൊത്തിവച്ച പേരിലേക്ക് നോക്കിയത്...