Thursday, June 7, 2012

അന്തിവെയിലില്‍....


All the world's a stage,
And all the men and women merely players;  They have their exits and their entrances,
And one man in his time plays many parts,  His acts being seven ages. 
      
             കവിതയിലെ വരികള്‍ ഉറക്കെ വായിച്ചു, കയ്യിലിരുന്ന ബുക്ക്‌ മേശമേല്‍ വച്ച്, സെബാസ്ത്യന്‍ മാഷ്‌ പാഠ ഭാഗത്തിന്റെ വിശദീകരണത്തിലേക്കു കടന്നു. ജീവിത നാടകത്തിലെ ഏഴു വേഷങ്ങള്‍ പറഞ്ഞു തരാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും, പകുതിയോളം ഇനിയും ബാക്കിയാണ്. ഞങ്ങളാണെങ്കില്‍ ഇതിപ്പോഴൊന്നും തീരല്ലെയെന്ന പ്രാര്‍ത്ഥനയിലും. അത്രയ്ക്ക് രസകരമാണ്‌ മാഷിന്റെ ക്ലാസ്. ചെറിയ കാര്യങ്ങള്‍ പോലും, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രങ്ങളും, പുരാണങ്ങളും പറഞ്ഞു പറഞ്ഞു, ഒരു മാന്ത്രികനെ പോലെ ഞങ്ങളെ മറ്റൊരു ലോകത്തേക്കു കൈപിടിച്ചു നടത്തും. അതു കൊണ്ടു തന്നെ പാഠഭാഗങ്ങളെക്കാള്‍ പരിചയം ഗ്രീക്ക് ദേവന്മാരും ദേവതമാരുമായിരുന്നു..!
                  കാലങ്ങള്‍ക്കിപ്പുറം, എല്ലാം ഓര്‍മകള്‍ക്കു വെളിയിലായി. ഇടക്കൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുമെങ്കിലും, ദേവതമാരുടെയോന്നും പേരു പോലും ഓര്‍ത്തെടുക്കാന്‍ കഴിയാറില്ലെന്നതു സത്യം..! കഴിഞ്ഞ ദിവസമാണ് വീണ്ടും മാഷിന്റെ ഫോണ്‍ വന്നത്. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നോര്‍മിപ്പിച്ചു കൊണ്ട്. അപ്പോള്‍ തുടങ്ങിയതാണ്‌ ആ വേഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍. ഒത്തുവന്നാല്‍ ഈ വരികള്‍ വിവരിച്ചു, കൂട്ടുകാരുടെ മുന്നില്‍ ആളാവാലോ.. മാഷിനും വലിയ സന്തോഷമാകും..!
          ഓര്‍മ കൂമ്പാരങ്ങളില്‍ ചിക്കിചികഞ്ഞിട്ടും ആറാമത്തെ വേഷം മാത്രം കണ്ടില്ല. പണ്ടും ഇങ്ങനെയായിരുന്നു. പരീക്ഷയില്‍ ഇതെഴുതുമ്പോള്‍, ബാല്യവും കൌമാരവുമെല്ലാം ആടിയതും ആടിക്കൊണ്ടിരിക്കുന്നതുമായ വേഷങ്ങളായതിനാല്‍ പെട്ടെന്ന് എഴുതാന്‍ കഴിഞ്ഞു. അല്ലെങ്കിലും ബാല്യ കൌമാരം മറക്കാന്‍ കഴിയുന്ന മനുഷ്യരുണ്ടോ...! പിന്നെ മൂന്നാമത്തെ വേഷം, അതായിരുന്നു മാഷ്‌ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിശദീകരിച്ചത്.. 'കാമുകന്റെ വേഷം'..!
ഇന്നിന്റെയും ഇന്നലകളുടെയും പ്രണയത്തെ കുറിച്ചു വാചാലനായപ്പോള്‍ പലരും മുഖത്തോടു മുഖം നോക്കി വായ പൊത്തി ചിരിച്ചു. 
അന്ന് മാഷ്‌ പറഞ്ഞു.. ''ആരും ചിരിക്കേണ്ട. പച്ചയായ സത്യങ്ങളാണ് ഷേക്സ്പിയര്‍ പറഞ്ഞിട്ട് പോയത്, ഇതും അതിലൊന്നാണ്. ഈ പ്രായത്തില്‍ ആണിനു പെണ്ണിനോടും, പെണ്ണിനു ആണിനോടും ആകര്‍ഷണം തോന്നും, അത് പ്രകൃതി നിയമമാണ്''. 
അതു കേട്ടും പലരും ചിരിച്ചു.. അതു കണ്ടു മാഷ്‌ തുടര്‍ന്നു...
''അങ്ങനെ തോന്നാത്തവര്‍, അതു ആണായാലും പെണ്ണായാലും അവര്‍ നോര്‍മലല്ല എന്നു വേണം കരുതാന്‍..''
  
മാഷിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണെന്നു തോന്നുന്നു..., വിധിയാല്‍ വിധവയാകേണ്ടി വന്ന ഒരാളെ വിവാഹം ചെയ്തു, ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന ആഗ്രഹം പോലും മാറ്റി വച്ച്,  എന്നും ഒളികണ്ണിട്ടു മാത്രം നോക്കിയിട്ടുള്ള, മൂന്നാമത്തെ ബെഞ്ചിലെ പര്‍ദക്കാരിയെ ഞാന്‍ ധൈര്യത്തോടെ നോക്കി തുടങ്ങിയത്..!