Tuesday, February 21, 2012

കഥ പറയുന്ന ഖബറുകള്‍...


    പൂത്തുലഞ്ഞ മൈലാഞ്ചി ചെടികള്‍ അസ്തമയ സൂര്യന്റെ മഞ്ഞ വെളിച്ചത്തില്‍ തിളങ്ങി നിന്നു. ഇളംകാറ്റില്‍, തന്നെ മാടി വിളിക്കുവതെന്നോണം ഇളകിയാടുന്ന തളിരിലകളില്‍ തഴുകി മുന്നോട്ടു നടക്കുമ്പോള്‍ ശ്മശാനമൂകതയെന്നതു ശരിക്കും അനുഭവിച്ചറിയുകയായിരുന്നുപ്രിയപ്പെട്ടവരുടെ വിയോഗങ്ങളുടെ വേദനകള്‍ പൂവായ് വിരിഞ്ഞു നിൽക്കുന്നു....! അതിനിടയിലൂടെ... തനിക്കായി പൂവിട്ട മൈലാഞ്ചിയുടെ അടുത്തെത്തിയപ്പോള്‍ കാലുകള്‍ അറിയാതെ നിശ്ചലമായി. നിറയെ പൂവും കായകളുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ മാറോടു ചേർത്തു പിടിക്കാനാണു തോന്നിയത്... അതെ... അത് അവളാണ്, തന്റെ കുഞ്ഞു പെങ്ങൾ..! ഇതിനു താഴെ ഈ ഖബറിലാണല്ലോ അവളുറങ്ങുന്നത്..!

           അവള്‍ക്കും മൈലാഞ്ചി ജീവനായിരുന്നു. ഇല പറിച്ചു, അമ്മിയില്‍ അരച്ചെടുത്തു കുഞ്ഞു കയ്യിലിട്ടു കൊടുക്കുമ്പോള്‍ അവളുടെ കയ്യിലെ ചുവപ്പിനെക്കാള്‍ തന്നെ സന്തോഷിപ്പിച്ചിരുന്നത്‌ ആ കണ്ണിലെ തിളക്കമായിരുന്നു. ഇന്നാണെങ്കില്‍ സ്വന്തം ജീവന്‍ കൊടുത്തിട്ടാണെങ്കിലും ആ തിളക്കം കാത്തു വെക്കുമായിരുന്നു. 
               ഒരിക്കല്‍ മൈലാഞ്ചിക്കായ കടലയാണെന്നും പറഞ്ഞു കൊടുത്തതും, വായിലിട്ടു ചവച്ചു ഇളിഭ്യയായപ്പോള്‍ ബാക്കി വന്ന കായ തന്റെ നേരെ വലിച്ചെറിഞ്ഞു അവള്‍ പറഞ്ഞത്.. ''ഈ കടല കാക്കാന്റെ ഓള്‍ക്ക് കൊണ്ട് കൊടുക്ക്‌''...  ഓര്‍ത്തപ്പോള്‍ തന്നെ കണ്ണു നിറഞ്ഞു. 
        വര്‍ഷങ്ങളുടെ ഇടവേളകളില്‍ വീണുകിട്ടുന്ന അവധിയില്‍, ഇവിടേക്കുള്ള വരവ് എന്നും തന്റെ കണ്ണു നനയിച്ചിട്ടെയുള്ളൂ. ഇനിയും ഇവിടെ നിന്നാല്‍ താന്‍ നിയന്ത്രണം വിട്ടു കരഞ്ഞു പോകും. കണ്ണുകള്‍ അമര്‍ത്തി തുടച്ചു, ഒരു കുല കായ പറിച്ചെടുത്തു ഖബറിനു മുകളിലായി അവളുടെ വലതു കയ്യിന്റെ ഭാഗത്തു വച്ചു കൊടുത്തു. വെറുതെയാണെന്നറിഞ്ഞിട്ടും മറുപടിക്കായി ഒരു നിമിഷം കാത്തു നിന്ന്, നിരാശയോടെ നടക്കാനൊരുങ്ങിയപ്പോഴാണ് തൊട്ടടുത്തായി പണിത പുതിയ ഖബര്‍ കണ്ണില്‍ പെട്ടത്. കഴിഞ്ഞതവണ വന്നപ്പോള്‍ ഇതിവിടെ ഇല്ലായിരുന്നല്ലോ എന്ന ആകാംക്ഷയിലാണ് മീസാന്‍ കല്ലില്‍ മനോഹരമായി കൊത്തിവച്ച പേരിലേക്ക് നോക്കിയത്...

                                                                                        ''പുത്തന്‍ വീട്ടില്‍ മൂസാന്‍ ഹാജി'' 
            ''ജനനം: 16.08.1955''
            ''മരണം: 08.01.2010''
എവിടെയോ കണ്ടു മറന്ന പേര്, ഓര്‍മകളില്‍ ചികഞ്ഞപ്പോള്‍ വിദൂരതയില്‍ നിന്നെന്നതു പോലെ പള്ളി മൊല്ലാക്കയുടെ ശബ്ദം കാതില്‍ മുഴങ്ങി. ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ പുറകിലേക്കു നടന്നു........


''അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്നു ഈ ലോകത്തോട്‌ പറഞ്ഞ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അന്ത്യവിശ്രമ സ്ഥലം സന്ദര്‍ശിക്കാനും , പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനും ഭാഗ്യം ലഭിച്ച നമ്മുടെ പള്ളി കമ്മറ്റി പ്രസിഡണ്ട്‌ മൂസാക്കക്ക് എല്ലാവിധ യാത്ര മംഗളങ്ങളും പ്രാര്‍ഥനകളും നേര്‍ന്നു കൊണ്ട് ഞാന്‍ നിറുത്തുന്നു.. '' ...   
              പള്ളിയിലെ മൊല്ലാക്കയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍, നാട്ടിലെ പ്രമുഖര്‍ ഓരോരുത്തരായി മൈക്കിനു മുന്നിലെത്തി, മൂസക്കക്ക് ആശംസ നേര്‍ന്നു കൊണ്ടിരുന്നു. വേദിയുടെ ഒത്ത നടുക്കു തന്നെ ഇരിക്കുന്നുണ്ട്‌ മൂസാക്ക,... മൂന്നാമതും ഹജ്ജിനു പോകുന്നതിന്റെ തലയെടുപ്പോടെ തന്നെ...  ഇതിനു മുന്‍പ് ആ നാട്ടില്‍ രണ്ടു ഹജ്ജ് ചെയ്ത ഒരാളുണ്ടായിരുന്നു. അയാള്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. അതുകൊണ്ടു തന്നെ മൂസാക്കയുടെ ലക്ഷ്യം മൂന്നു ഹജ്ജ് ആണ്. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് ചെയ്ത ആള്‍ എന്ന പേരും പെരുമയും അടുത്ത വര്‍ഷത്തോടു കൂടി മൂസക്കക്കു സ്വന്തം.
                  ഈ വര്‍ഷം തന്നെ മൂന്നു ഹജ്ജ് തികയേണ്ടതായിരുന്നു. പക്ഷെ മകന്റെ കല്യാണം പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം മൂസാക്ക ഹജ്ജിനു പോയില്ലത്രെ.
''എന്താ , മൂസാക്കാ.. ഈ വര്‍ഷം ഹജ്ജിനു പോകുന്നില്ലേ ..?'' എന്നു ചോതിച്ചവരോടു മൂസാക്ക പറഞ്ഞത് .. '' ഹജ്ജിനു അടുത്തവര്‍ഷവും പോകാം, പക്ഷെ മകന്റെ കല്യാണം ഈ വര്‍ഷം മാത്രമേ ഉണ്ടാകൂ''.. എന്നാണു... !
            എല്ലാവരുടെയും പ്രസംഗം കഴിഞ്ഞപ്പോള്‍ മൂസാക്ക എഴുന്നേറ്റു നന്ദി രേഖപെടുത്തി കൊണ്ട് സംസാരിച്ചു. കൂടാതെ എല്ലാവരെയും ക്ഷണിച്ചു , മൂസാക്കയുടെ വീട്ടിലെ വിരുന്നിലേക്ക്. ..
            കൊട്ടാര സമാനമായ വീടിന്റെ മുന്നില്‍ നാട്ടുകാര്‍ക്കു വേണ്ടി പന്തലൊരുങ്ങിയപ്പോള്‍ പള്ളി കാരണവന്മാരും മൊല്ലാക്കയും മൂസാക്കയുടെ കൂടെ വീടിന്റെ നടുത്തളത്തില്‍ സ്ഥാനം പിടിച്ചു. മട്ടന്‍, ചിക്കന്‍, ...അങ്ങനെ തുടങ്ങി പേരറിയുന്നതും അറിയാത്തതുമായി തരാതരം മേശയില്‍ നിരന്നു. എവിടെ നിന്നു തുടങ്ങണമെന്നു സംശയിച്ചു നിന്നവരോടായി മൂസാക്ക പറഞ്ഞു... ''തുടങ്ങിക്കൊളിന്‍''........
കഴിച്ചു കൊണ്ടിരിക്കെ മൂസാക്ക മകനെ നോക്കി പറഞ്ഞു... '' ബള്ളം''....
മകന്‍ വെള്ളം കൊണ്ടുവന്ന ചിത്ര പണികളുള്ള ചില്ലുപാത്രം വാങ്ങി വച്ചുകൊണ്ടു മൂസാക്ക പറഞ്ഞു.. '' ഇതു ഞാന്‍ രണ്ടാമത്തെ ഹജ്ജിനു പോയപ്പോള്‍ കൊണ്ടു വന്നതാണ്..'' ...
എല്ലാവരും വെറുതെ തലയാട്ടുക മാത്രം ചെയ്തു. അവര്‍ക്കൊന്നും ഇതു പുതുമയുള്ളതല്ല... മൂസ്സാക്ക ഇതു ഇടയ്ക്കിടെ പറയുന്നതാണ്.. കഴിഞ്ഞ വിരുന്നിനു പറഞ്ഞത് ഒന്നാമത്തെ ഹജ്ജിനു പോയപ്പോള്‍ കൊണ്ടു വന്നത് എന്നാണു.. അടുത്ത വിരുന്നിനു ചിലപ്പോള്‍ അതു മാറ്റി മൂന്നാമത്തെ ഹജ്ജിനു പോയപ്പോള്‍ കൊണ്ടു വന്നത് എന്നാകും..  ഹജ്ജിന്റെ കണക്കു നാലാളുകളുടെ മുന്നില്‍ വിളിച്ചറിയിക്കാന്‍ മൂസാക്ക കണ്ട വഴി...  ........ !!
                   വിഭവ സമൃദമായ വിരുന്നില്‍ ക്ഷണിക്കാതെ വന്ന രണ്ടു അഥിതികള്‍ കൂടിയുണ്ടായിരുന്നു. വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുഞ്ഞുമോളുടെ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താന്‍ ഓടി നടക്കുന്ന ഉമ്മയും, ഉമ്മയുടെ വിരലില്‍ തൂങ്ങി ഒരു പത്തു വയസ്സുകാരനും. ദീര്‍ഘ യാത്രക്കൊരുങ്ങുകയാണെന്നും തിരിച്ചുവന്നിട്ടു വേണ്ടതു പോലെ ചെയ്യാമെന്നുമുള്ള മറുപടി കേട്ടു തിരിഞ്ഞു നടക്കുമ്പോള്‍ ഉമ്മയുടെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു. വലിയ വീടും ചുറ്റുപാടും കണ്ട അമ്പരപ്പു മാറാത്ത ആ കുഞ്ഞു കണ്ണുകള്‍ നടക്കുന്നതിനിടയില്‍ ഒന്നു കൂടി തിരിഞ്ഞു നോക്കി, തിളങ്ങുന്ന അക്ഷരങ്ങളില്‍ ഗേറ്റില്‍ എഴുതിയിട്ടുണ്ടായിരുന്നു, ...''പുത്തന്‍ വീട്ടില്‍ മൂസ്സാന്‍ ഹാജി''...

               പിന്നെയും പല വീടുകളിലും പോയിരുന്നു. ചെറുതും വലുതുമായ മുതലാളിമാരുടെ വീടുകളില്‍, നിന്നെ പോലെ നിന്റെ അയല്‍കാരനെയും സ്നേഹിക്കുക എന്നു പഠിപ്പിക്കുന്നവരുടെ വീടുകളില്‍, ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കട്ടെ എന്നു പറഞ്ഞു നടക്കുന്നവരുടെ വീടുകളില്‍... പക്ഷെ അവരുടെയൊന്നും തിരക്കൊഴിയുന്നതു വരെ കാത്തുനില്‍ക്കാന്‍ തന്റെ കുഞ്ഞു പെങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു മാത്രം...!
                         അടുത്ത അവധിക്കു വീണ്ടും കാണാമെന്നു മൌനമായി മൊഴിഞ്ഞു, ഖബറുകള്‍ക്കിടയിലൂടെ നടന്നു ശ്മശാനത്തിന്റെ ഗേറ്റില്‍ എത്തിയപ്പോഴേക്കും ചുറ്റിലും ഇരുട്ടു പടരാന്‍ തുടങ്ങിയിരുന്നു. റോഡിലേക്കിറങ്ങി, കാറില്‍ കയറുമ്പോള്‍ ഒന്നു കൂടി തിരിഞ്ഞു നോക്കി. മൈലാഞ്ചി ചെടികള്‍ക്കിടയില്‍ അവിടവിടയായി തലയുയര്‍ത്തി നില്‍ക്കുന്നു, ചെറുതും വലുതും, പഴയതും പുതിയതും, നിറമുള്ളതുമില്ലാത്തതുമായ മീസാന്‍ കല്ലുകള്‍..... ആറടി മണ്ണില്‍ സര്‍വ്വരും തുല്യരാണെന്നോര്‍മിപ്പിച്ചു കൊണ്ട്...!!!



105 comments:

  1. ഇതു വരെ പറഞ്ഞത് കഥ... ഇനിയൊരു കാര്യം പറയട്ടെ...

    ഇവിടെ

    ഈ ലിങ്ക് ഒന്ന് നോക്കണേ....

    ReplyDelete
  2. ഖാദു..
    ഹൃദ്യമായ കഥ. ആ മൈലാഞ്ചിചെടികള്‍ ഇപ്പോള്‍ എനിക്കും വേദനയുടെ പ്രതീകമാവുന്നു. മകളുടെ കൈ പിടിച്ചു പൊങ്ങച്ചത്തിന്റെ തറവാട്ടിലേക്ക് പ്രതീക്ഷയോടെ കയറിച്ചെന്ന ഉമ്മയുടെ ആ മുഖവും എന്നെ വേദനിപ്പിക്കുന്നു.
    പെങ്ങളുടെ ഓര്‍മ്മയിലേക്ക് ഓരോ അവധിക്കാലത്തും പ്രാര്‍ത്ഥനയോടെ ഓടിയെത്തുന്ന ആ സഹോദരന്റെ ദുഖവും മനസ്സിനെ തൊടുന്നു.
    ഒത്തിരി ഹൃദ്യമായി പറഞ്ഞു ഈ കഥ.

    ReplyDelete
  3. മനസ്സില്‍ വിങ്ങലായി നിറഞ്ഞു നില്‍ക്കുന്ന രചന.
    ഹാ!മനുഷ്യജീവിതം!
    അവസാനം എല്ലാം ചെല്ലുന്നിടം ഒരിടം.
    പാവങ്ങളും,പണക്കാരനും,...................
    മൈലാഞ്ചിച്ചെടിയുടെ സ്പര്‍ശനം ഉള്ളില്‍ നീറ്റലുണ്ടാക്കി.
    ബാഷ്പാഞ്ജലികള്‍

    ReplyDelete
  4. അവള്‍ എത്രയോ പേര്‍ക്ക് പെങ്ങളായിരുന്നു അല്ലെ ?????

    നന്നായിരിക്കുന്നു .. ഹൃദ്യമായി പറഞ്ഞു ... കഷ്ടപ്പെടുന്നവനെ സഹായിക്കുന്നതിലും പുണ്യം ഏതു ഹജ്ജിനു കിട്ടും അല്ലെ ?????????????????

    ReplyDelete
  5. പൂത്തുലഞ്ഞ മൈലാഞ്ചി, ഓർമകളുടെ വേലിയേറ്റത്തിൽ കുഞ്ഞുകൈകളിലെ മൈലാഞ്ചിച്ചുവപ്പ്..!
    വിധിയുടെ വിളയാട്ടം..!ആർക്ക് ആരെയാണു രക്ഷിക്കാനാവുക..?
    വ്യഥപൂണ്ട ഒരു മനസ്സിന്റെ ചിന്താപഥത്തിലൂടെ
    ഖബറുകൾ നന്നായി കഥപറഞ്ഞു..!

    ആശംസകൾ കൂട്ടുകാരാ...
    സസ്നേഹം..പുലരി

    ReplyDelete
  6. ഖാദു,
    ലളിത സുന്ദര ഹൃദ്യംമായ എഴുത്തും കഥയും!
    കമെന്റ്റ്‌ ഇടാന്‍ വരുന്നവരെ ഫേസ്ബുക്ക് ലിങ്കിലെയ്ക്ക് വഴികാട്ടാന്‍ കൂടി ഇതിനാവുന്നത്കൊണ്ട് ഈ എഴുത്തിന്റെ ലക്‌ഷ്യം സഭലമാകും. നല്ലത് വരട്ടെ.

    ReplyDelete
  7. ഹൃദ്യമായി അവതരിപ്പിച്ചു....
    ആശംസകള്‍ സഹോദരാ....

    ReplyDelete
  8. മനസ്സില്‍ തട്ടും വിധം പറഞ്ഞിരിക്കുന്നു.
    കണ്ണില്‍ നനവ്‌ പടര്‍ന്നു തുടങ്ങിയിരുന്നു..
    കഥക്ക് ശേഷവും
    മൈലാഞ്ചിചെടിയുടെ ചോപ്പും
    മൈലാഞ്ചിക്കായയുടെ ചവര്‍പ്പും
    മനസ്സില്‍ തിണിര്‍ത്ത് കിടക്കുന്നു..
    ആശംസകള്‍..

    ReplyDelete
  9. മനോഹരമായ കഥ ഖാദൂ. ജനനവും ജീവിതവും വിവാഹവും തീര്‍ഥാടനവും എല്ലാം ശ്രദ്ധിക്കപ്പെടുന്നത് അതാത് സമയങ്ങളിലെ കട്ടിക്കൂട്ടലുകളിലൂടെയും പൊങ്ങച്ചങ്ങളിലൂടെയുമാണ്. എന്നാല്‍ ഇടതറിയാതെ വലതു കൊണ്ട് അപരന്റെ കണ്ണീരോപ്പുന്ന പാടിപ്പുകഴ്തപ്പെടാത്ത ജീവിതങ്ങളുണ്ട്‌., അവരത്രെ യഥാര്‍ത്ഥ നായകര്‍. വളരെ ഇഷ്ടപ്പെട്ടു ഖാദൂ അഭിനന്ദനങ്ങള്‍.

    ReplyDelete
  10. ആ കുഞ്ഞു പെങ്ങള്‍ മനസ്സില്‍ ഒരു നൊമ്പരമായി നാളുകള്‍ വായനക്കാരന്റെ കുടെയുണ്ടാവും.
    നെഞ്ചിലേക്ക് കനല്‍ കോരിയിട്ട എഴുത്ത്. അത് ശരിക്കും നെഞ്ചകം നീറ്റി സുഹൃത്തെ ..

    ReplyDelete
  11. നോവു പകര്‍ന്നൊരു രചന. നല്ല ശൈലി. അഭിനന്ദനങ്ങള്‍

    ReplyDelete
  12. ഉള്ളു പൊള്ളി ക്കുടുന്നു വായിച്ചു തീരുമ്പോഴേക്കും .മൌനത്തിനു ശേഷം ഏറെ ഹൃദയ ദ്രവീകരണ ശേഷിയുള്ള പോസ്ടുമായിത്തന്നെയെത്തി ,ഭാഷയുടെ ചാരുതയും എടുത്തു പറയാതെ വയ്യ ,നിര്‍മ്മലയായ ആ കുഞ്ഞു പെങ്ങള്‍ക്ക് ഒരു പിടി കണ്ണീര്‍ മണികള്‍ ..ഇത് കടലക്കയല്ല പെണ്ണെ ഹൃദയത്തില്‍ നിന്നൂറുന്ന നോവ്..

    ReplyDelete
  13. ഇത് വെറും കഥയോ..? വെറും കഥയെന്നു കരുതുക വയ്യ!!
    ഓരോ ഖബറുകള്‍ക്കും പറയാനുണ്ട് കഥകള്‍..
    എത്രയോ മൂസാന്‍ ഹാജിമാര്‍.. എല്ലാവര്ക്കും തിരക്കല്ലേ? ഇനിയൊരു നാള്‍ നമുക്ക് വേണ്ടിയും മീസാന്‍ കല്ലുകള്‍ ഉയരും, നമുക്ക് വേണ്ടിയും മൈലാഞ്ചി പൂവിടും.. അത് വരെ നമുക്ക് ചെയ്യാന്‍ ഏറെയുണ്ട് അല്ലെ? കുറഞ്ഞ പക്ഷം മൂസാന്‍ ഹാജിമാര്‍ ആവാതെ ഇരിക്കാം.. കുഞ്ഞു പെങ്ങള്‍ ഒരു നോവായി മാറുന്നു..
    (നീസ മോള്‍ക്ക്‌ പ്രാര്‍ഥനകള്‍!!!)

    ReplyDelete
  14. മനസ്സില്‍ കൊണ്ടു കാദു.

    ReplyDelete
  15. അവസാനം എല്ലാം ഒന്നായ്‌ തീരുന്ന മിസാന്‍ കല്ലുകള്‍ക്കടിയില്‍ വിശ്രമം.
    മൈലാഞ്ചിയും ഹാജിയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ഒരു നൊമ്പരത്തോടെ.

    ReplyDelete
  16. അഹങ്കാരിയായ മനുഷ്യാ മരണത്തിന് മുമ്പില്‍ നീയെത്ര നിസ്സാരന്‍ ??....മനസ്സില്‍ ഒരു നൊമ്പരമായി ഈ കഥ ..

    ReplyDelete
  17. വളരെ നന്നായിടുണ്ട് .......ആശംസകള്‍

    ReplyDelete
  18. വായിച്ചു , കമെന്റ് നാളെ :)

    ReplyDelete
  19. ഖാദ്ദു....വായിച്ചു കഥയല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയത് പണം മനുഷ്യനെത്തിനാണിങ്ങനെ കൂട്ടി വക്കുന്നത്..(കുറച്ചധികമുണ്ടായിരുന്നെങ്കിൽ ഞാനും കൂട്ടിവച്ചേനെ....)

    ReplyDelete
  20. മതാശയങ്ങൾ ദുരുപയോഗം ചെയ്യുന്നതു സർവ്വസാധാരണമായിരിക്കുന്നു. നന്നായി അവതരിപ്പിച്ചു..

    ReplyDelete
  21. നൊമ്പരപ്പെടുത്തിയ രചന, അവാസാനം എല്ലാവരും ആറടി മണ്ണിലേക്ക് തന്നെ തിരിച്ചു പോകും എന്ന സത്യം ബാക്കി വെച്ച്, ശിഷ്ട്ട ജീവിതം മൂസാന്‍ ഹാജിമാരുടെത് ആവാതിരിക്കട്ടെ.

    ReplyDelete
  22. ഹജ്ജ് മാത്രമല്ല, എല്ലാ കര്‍മങ്ങളും പ്രദര്‍ശനപരമായ ഇക്കാലം ..
    മനസില്‍ തട്ടുന്ന വിധം പറ്ഞ്ഞു..
    അഞ്ചാം വയസ്സില്‍ മരണപ്പെട്ട എന്‍റെ ഏകപെങ്ങളെ ഓര്‍ത്തുപോയി..!!

    ReplyDelete
  23. ഒരു മെയിലാഞ്ചി കഥ എന്റെ മനസ്സില്‍ പാതിയായി കിടപ്പുണ്ട് ,നന്നായിത്തന്നെ പറഞ്ഞിരിക്കുന്നു

    ReplyDelete
  24. കണ്ണ് നനയിപ്പിച്ചല്ലോ മൈലാഞ്ചി വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എവിടെയോ ആ കുഞ്ഞു പെങ്ങളുടെ മുഖം മനസ്സില്‍ തെളിയുന്നു

    ReplyDelete
  25. ഓരോരത്തരും ചിന്തിക്കേണ്ട വസ്തുത ഒപ്പം മൈലാന്ജിയില്‍ ഒരു നൊമ്പരവും മനോഹരമായി

    ReplyDelete
  26. ആ മൈലാഞ്ചിചെടി മനസ്സില്‍ വല്ലാതെ കൊണ്ടല്ലോ ഖാദു ....ആ സഹോദരന്റെ സ്നേഹം ,ആ ദുഃഖം ഒക്കെ സങ്കടായല്ലോ..നാളുകള്‍ക്ക് ശേഷമുള്ള തന്റെ പോസ്റ്റ്‌ ഇങ്ങനത്തതാകുമെന്നു കരുതിയില്ല ...

    ReplyDelete
  27. ഇതു കഥയാണോ അതോ സ്വന്തം അനുഭവമാണോ കാദു..
    മനോഹരമായി താങ്കൾ എഴുതി.. അതെ താങ്കൾ പറഞ്ഞതു പോലെ എല്ലാവർക്കും അവരവരുടെ തിരക്കുകളും പൊങ്ങച്ചങ്ങളുമാണ്… ആവശ്യഘട്ടത്തിൽ സഹായിക്കുന്നവർ വളരെ പരിമിതമാണ്.. ചിലർക്ക് സഹായിക്കണമെന്നുണ്ടെങ്കിലും അവരുടെ ഗതി കേടു കൊണ്ട് നിസ്സഹായാവസ്ഥയിൽ നിൽക്കുവാനേ കഴിയൂ..
    ദു:ഖങ്ങൾ മറ്റുള്ളവരിലേക്ക് പകരുവാൻ താങ്കൾക്ക് കഴിഞ്ഞു..

    ReplyDelete
  28. ഖാദര്‍, ഇത്‌ അനുഭവ കഥയല്ല എന്ന് മനസ്സിലായി, താങ്കളുടെ ഭാവനയാണെന്നും. എഴുത്തുകാരന്‍ ഉദ്ദേശിച്ച തലത്തിലേക്ക്‌ വായനക്കാരനെ കൊണ്‌ട്‌ വരാന്‍ കഴിഞ്ഞിട്ടുണ്‌ട്‌. പെങ്ങളുടെ വേറ്‍പാടും, പണക്കാരന്‌റെ പത്രാസുമെല്ലാം അക്ഷരങ്ങളിലൂടെ വിരിഞ്ഞ്‌ കണ്‌ടു,. ഹാജിയാര്‍ ചിത്രപണി ചെയ്ത പാത്രത്തെ കുറിച്ച്‌ പറയുന്നത്‌ ഞാനും കേട്ടിട്ടുണ്‌ട്‌. പണ്‌ട്‌ ഉസ്താദ്‌ ഒരു പൊങ്ങച്ചക്കാരനായ ഹാജിയാരെ പരിജയപ്പെടുത്തുമ്പോള്‍ ഉദാഹരിച്ചത്‌ ഇത്തരത്തിലുള്ള ഒരു കഥയാണ്‌, ഞാന്‍ ഒന്നാമത്തെ ഹജ്ജിനും രണ്‌ടാമത്തെ ഹജ്ജിനും പോയി കൊണ്‌ട്‌ വന്ന പാത്രത്തില്‍ അല്ല മൂന്നാമത്തെ ഹജ്ജിന്‌ പോയി കൊണ്‌ട്‌ വന്ന പാത്രത്തില്‍ പത്തിരി എടുത്തായെന്ന്. :) മരിച്ച്‌ കഴിഞ്ഞാല്‍ എല്ലാവരും സമന്‍മാരാണ്‌. ദൈവത്തിന്‌ മുന്നില്‍ എല്ലാവരും ഒരു പോലെ, കറുത്തവനും, വെളുത്തവനു, പണ്ഡിതനും പാമരനും ദരിദ്രനും സമ്പന്നനും എല്ലാം. ഖാദര്‍ ഈ കഥ നന്നായി എന്ന് തന്നെ പറഞ്ഞ്‌ കൊള്ളട്ടെ. ആശംസകള്‍

    ReplyDelete
  29. മൈലാഞ്ചിക്കാടുകളിലൂടെ പറഞ്ഞ നല്ലൊരാശയം ഉള്ള കഥ..പുണ്യകര്‍മ്മങ്ങളില്‍ ഏറ്റവും വലിയ പുണ്യമാണ്‌ അന്യന്റെ കണ്ണീരൊപ്പുക എന്നത്..അല്ലാതെ ഹജ്ജിന്റെ എണ്ണം കൂട്ടുന്നതില് എന്തര്‍ത്ഥം?? ഒരു തരം ത്യാഗമല്ലെ ഹജ്ജ്..ആദ്യ ഹജ്ജില്‍ നിന്ന്, ആ ത്യാഗത്തില്‍ നിന്ന് ഒന്നും നേടിയില്ലെങ്കില്‍ പിന്നെ ഒത്തിരി കഷ്ടപ്പെടാന്‍ അങ്ങോട്ട് പോവാതിരിക്കലല്ലെ നല്ലത്??
    ചിലപ്പോള്‍ റ്റൊയ്ലറ്റില്‍ പോവാന്‍ ക്യൂ നിന്നിട്ട് എത്തും മുന്നെ തനിയെ കാര്യം സാധിച്ചു പോകുന്ന വൃദ്ധര്‍, ചില ഭാഗങ്ങളില്‍ ഭക്ഷണമില്ലാതെ, മറ്റ് ചിലയിടങ്ങളില്‍ സ്വകാര്യതകളില്ലാതെ, രാജാവും ഭിക്ഷക്കാരനും ഒരു പോലെ ..ചിലപ്പോള്‍ തൊട്ടുരുമ്മി കിടന്ന്, മറ്റ് ചിലപ്പോള്‍ മണിക്കൂറുകളോളം തിക്കിലും തിരക്കിലും നടന്ന്....അങ്ങിനെയങ്ങിനെ ഒരു ഹജ്ജ് മതി ഒരു മനുഷ്യന്‍ നന്നാവാന്‍ വേണ്ട എല്ലാ ത്യാഗശക്തിയും കിട്ടാന്‍...അതില്‍ മാറാത്ത മനുഷ്യന്‍ എത്ര ഹജ്ജ് ചെയ്തിട്ടും കാര്യമില്ല തന്നെ...
    കഥയുടെ അവസാന വരി വളരെ നന്നായി...

    ReplyDelete
  30. വെറുതേ സ്ഥാനമാനങ്ങൾക്കും പണത്തിനും പ്രശസ്തിക്കും വേണ്ടി തല്ലുകൂടുന്ന,കഷ്ടപ്പെടുന്ന എല്ലാവരീ ഒന്ന് ഓർമ്മപ്പെടുത്താൻ നല്ലതാ ഇത്തരത്തിലുള്ള ഒരു രചന. ആസംസകൾ.

    ReplyDelete
  31. കുഞ്ഞുപെങ്ങളുടെ ഖബറിടത്തില്‍ പൂത്ത മൈലാഞ്ചിച്ചെടിയില്‍ നിന്നും ഒരു കുല കായ പറിച്ച്‌....മനസ്സ് ഒരു നിമിഷം എന്റെ കുഞ്ഞുമോളുടെ ഖബറിടത്തിലേക്കും പറന്നുപോയി.
    രണ്ടാം ഖണ്ഡത്തിലെ 'ഹാജ്യേമാര്‍'ആറടിയില്‍ ചെല്ലേണ്ടാവരാണെന്ന ചിന്തയില്ലാതെ എത്രയെത്ര അല്ലേ?
    ആശംസകള്‍ !

    ReplyDelete
  32. മനസ്സില്‍ തട്ടി

    ReplyDelete
  33. തുടക്കം മുതലേ വളരെ നൊമ്പരപ്പെടുത്തി..
    ആ വരികള്ക്കൊന്നും ഒരു ഫീഡ്ബാക്ക് നല്‍കാന്‍ എനിയ്ക്ക് ആവുന്നില്ല...

    ReplyDelete
  34. ഇത് വല്ലാതെ മനസ്സില്‍ തട്ടിയല്ലോ. അര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ എറ്റുവാങ്ങിയാലും

    ReplyDelete
  35. ജീവിച്ചത് കൊട്ടാരത്തിലായാലും കുടിലിലായാലും അവസാനം ആറടിമണ്ണിന്‍റെ ജന്മി... പറഞ്ഞറിയിക്കാനാവാത്ത നൊമ്പരത്തോടൊപ്പം വലിയൊരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായി കാദൂ... പൊങ്ങച്ചങ്ങള്‍ക്കുമപ്പുറം തക്കസമയത്തെ സഹായം ഒരുപക്ഷേ സമ്മാനിക്കുക ഒരു ജീവിതമായിരിക്കും..

    ReplyDelete
  36. ഖാദൂ .. നൊവിപ്പിച്ചൂ ..
    ഒന്നും ചെയ്യുവനാവാത്ത
    ബാല്യം കൊണ്ട് ഒരു ഓര്‍മയുടെ
    വരി എഴുതുവാന്‍ കഴിഞ്ഞല്ലൊ
    ഭാവനയില്‍ വിരിഞ്ഞ മൈലാഞ്ചിയാണേലും
    ഇതു ജീവിത വീഥികളില്‍ പൂത്തതാണേലും
    നേരിന്റെ ചവര്‍പ്പുണ്ട് ഇതില്‍ . നോവും ..
    മനസ്സിന്റേ ഉള്ളില്‍ ഒരു തുള്ളി നോവായി
    മിഴിനീരു വന്നു ദുഖത്തേ മായ്ക്കട്ടെ ..
    ലോകമിതാണ് .. വാക്കുകളില്‍ വേദാന്തം
    കൊട്ടിഘോഷിച്ചിട്ട് മുന്നില്‍ വന്നു നില്‍ക്കുന്ന
    മൗനത്തേ കണ്ടില്ലെന്നു നടിക്കുന്ന ക്രൂരത
    സ്വന്തം ചിത്രങ്ങള്‍ ഉയര്‍ത്തി കാട്ടി ഇവരൊക്കെ
    എന്തു നേടുന്നു , ഈശ്വരന്‍ സ്നേഹമാണ്
    അതില്ലാത്ത മനസ്സില്‍ അവന്‍ കുടിയിരിക്കില്ല ..
    നല്ലൊരു രചന , ഉള്ളില നോവ് വരികളില്‍
    ഉണ്ട് ഒരു തുള്ളി പൊലും ചൊരാതെ
    സഖേ , ഹൃദയം ഒന്നു ..

    ReplyDelete
  37. ആറടി മണ്ണില്‍ സര്‍വ്വരും തുല്യരാനെന്നുള്ള സന്ദേശം നല്‍കുന്ന ഈ കഥ മനസ്സില്‍ തട്ടി...ഇത് താങ്കളുടെ അനുഭവം അല്ല കഥയാണെന്ന് കരുതുന്നു...ആശംസകള്‍

    ReplyDelete
  38. എന്തോന്നഡേയ് ഇതൊക്കെ!
    ആകെ മൊത്തം എല്ലാരുംകൂടി കരയുവാണല്ലോ.
    ജനിച്ചവര്‍ മരിക്കും.
    സര്‍വ്വതും നശിക്കും
    ബ്ലോഗും കമന്റ് ബോക്സും മണ്ണടിയും
    അതോണ്ട് എല്ലാരും കല്ലിവല്ലി ആശ്രമത്തില്‍ പോയി
    കമന്ടിട്ടോ.
    ആ ഒരു പുണ്യമെങ്കിലും കിട്ടിക്കോട്ടേന്നു കരുതിയാ.

    ReplyDelete
    Replies
    1. താന്‍ ആളു കൊള്ളാല്ലോടോ കണ്ണൂ ...കിട്ടിയ സമയം എല്ലാരെയും കല്ലിവല്ലിയില്‍ ഓടിക്കുന്നോ ..

      Delete
    2. ഇതാണ് കണ്ണൂരാന്‍ .. കന്നൂരാന്ടടുത്തുന്നു .. ഇതിലും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് .. :) jai kannuran.. :)

      Delete
  39. ഇനി ഞാനെന്തു പറയാന്‍. പൊതുവേ ഹൈലി സെന്‍സിറ്റീവായ ഞാന്‍ ഇതൊക്കെ വായിച്ച് എന്റെ ബിപി കൂട്ടുന്നു....
    ലിങ്കില്‍ പോയി നല്ല ഉദ്യമത്തിന് ആശംസകള്‍. എന്നാല്‍ കഴിയുന്നത് ഞാനും ചെയ്യാം.

    ReplyDelete
    Replies
    1. വളരെ ഹൃദ്യമായ കഥ. അവസാന സത്യം എല്ലാവരും ആറടി മണ്ണിനു മാത്രം അവകാശികള്‍,വളരെ നന്നായി പറഞ്ഞു. ആശംസകള്‍..

      Delete
  40. നോവ്‌ വായനക്കാരന്റെ ഉള്ളിലേയ്ക്കും, നനവ്‌ കണ്ണിലേയ്ക്കും...

    ReplyDelete
  41. ഖാദൂ...നോബരമുണർത്തുന്ന ഒരു പോസ്സ്റ്റ്.ഒരു കധയിൽ രണ്ടു ആശയങ്ങൾ..ആദ്യം കുഞ്ഞുപെങ്ങളുടെ വേർപ്പാടിന്റെ വേദന.പിന്നെ നല്ല മനസ്സിനാണു കാര്യം.അല്ലാതെ പേരിനു ഒരു പുണ്യ പ്രവർത്തി ചേയ്യുന്നതിൽ കാര്യമില്ല എന്ന നല്ല സന്ധേശവും..നല്ല ക്ധ രൂപപ്പെടുത്തുവാനുള്ള കഴിവു ഖാദുവിനുണ്ട്..അല്പം സാഹിത്യപരമായ വാക്കുൾ കൂടി ചേർത്ത് എഴുതിയാൽ..നല്ല എഴുത്തുകാരനായി മാറും ഖാധർ...കുറെ നാളുകൾക്ക് ശേഷം..ഖാദു വന്നപ്പോൾ ഇത്തരം ഒരു പൊസ്സ്റ്റ് കിട്ടിയതിൽ സന്തോഷം..

    ReplyDelete
  42. വളരെ ഇഷ്ടായി സുഹൃത്തെ..
    ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ ..

    ReplyDelete
  43. ആത്മവിദ്യാലയമേ...!!

    ReplyDelete
  44. ഈ..മയിലാഞ്ചി കഥയിലെ കുഞ്ഞു പെങ്ങള്‍ മനസ്സില്‍ ഒരു നോവായി അവശേഷിക്കുന്നു...... നല്ല അവതരണം...കാദൂ..................ആശംസകള്‍......................

    ReplyDelete
  45. പ്രിയപ്പെട്ട സുഹൃത്തെ,
    മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച പോസ്റ്റ്‌...ഹൃദ്യമായി മയിലാഞ്ചി പൂക്കളിലൂടെ അവതരിപ്പിച്ച സംഭവം മനസ്സില്‍ തറച്ചു.
    സസ്നേഹം,
    അനു

    ReplyDelete
  46. കണ്ട് പരിചയമുള്ള ചില മുഖങ്ങള്‍ ............ഹാജിയാരും പെങ്ങളും സഹോദരനുമെല്ലാം..അത് കൊണ്ട് ..ഇത് കഥാ തന്നെയാകട്ടെ എന്ന് ആശ്വസിക്കുന്നു ... "കഥ" ലോപിച്ചത്താണോ "കാധു"

    ReplyDelete
  47. ഖാദുവിനു പ്രണാമവും ആശംസകളും.

    ഈ എഴുത്തിനു പുറകിലെ നന്മ തിരിച്ചറിഞ്ഞ് ഒരു പ്രണാമം.

    എഴുത്തുകാരന്‍ എന്ന നിലയില്‍ മുന്നിരക്കാരുടെ കൂട്ടത്തില്‍ ചേര്‍ക്കേണ്ട പേരാണ് "ഖാദു" എന്ന് തെളിയിച്ചതിന് അഭിനന്ദനങ്ങള്‍.

    പ്രതിഭയുടെ മിന്നലാട്ടമല്ല, അഴിഞ്ഞാട്ടമാണ് ഈ കഥയില്‍..

    KUDOS KHADU, KEEP IT UP !!

    ReplyDelete
  48. ഭംഗിയായി എഴുതിയ ഈ രചന ഞാന്‍ മുമ്പുതന്നെ വായിച്ചിരുന്നു ഖാദു. അഭിപ്രായം എഴുതി എന്നാണ് ധരിച്ചിരുന്നത് . നല്ല എഴുത്തുകാരനാണ് ഖാദു എന്ന് പറഞ്ഞുകൊള്ളട്ടെ.....

    ReplyDelete
  49. നന്നായി എഴുതി ഖാദു.. മുമ്പ് വായിച്ചു പോയതാണ്. അഭിപ്രായം പറയാന്‍ സാധിച്ചില്ല അന്ന്.

    ReplyDelete
  50. നോവുണര്‍ത്തുന്ന ഒരു കഥ.. നന്നായി ആശംസകള്‍..

    ReplyDelete
  51. This comment has been removed by the author.

    ReplyDelete
  52. വായിച്ചു. ഞാന്‍ തേങ്ങിയില്ല. ആര്‍ത്തു വിളിച്ചില്ല. നെഞ്ചത്തടിച്ചു കരഞ്ഞുമില്ല. പക്ഷെ വാക്കുകള്‍ മനസ്സിനെ ആര്‍ദ്രമാക്കി. ഒരു വേള മരണത്തെയും ജീവിതത്തിന്റെ നിസ്സാരതയെയും പറ്റി ചിന്തിച്ചു പോയി. അത്രയൊക്കെ ചെയ്യാന്‍ ഒരു എഴുത്തിനു കഴിഞ്ഞാല്‍ തന്നെ വലിയ കാര്യമാണ്.

    ReplyDelete
  53. വേദനിപ്പിച്ചു... മരണം മാത്രം ആണ് സത്യം എന്ന് തോന്നിപോകുന്നു... ഈ ജീവിക്കുന്നതും സമ്പാദിക്കുന്നതും എല്ലാം... നന്നായി മരിക്കാന്‍ വേണ്ടി മാത്രം.. മരണത്തെ കാത്തു കൊണ്ടുല്ലൊരു ജീവിതം... ഇതിനിടയില്‍ ജീവിതം എന്താണെന്ന് പോലും മരണത്തിന്റെ കൈയ്യില്‍ അകപെടുന്ന കുഞ്ഞുങ്ങള്‍ ... അവരെ ഓര്‍ത്തു വേദനിച്ചു മരിക്കാന്‍ നമ്മളും.. ശരിക്കും അവരല്ലേ ഭാഗ്യവാന്മാര്‍

    ReplyDelete
  54. പ്രതിഭാധനമായ നല്ല എഴുത്തുപോലെ, നല്ല മനസ്സിനേയും ചൂണ്ടിക്കാണിക്കുന്നു. ലളിതമായി പറഞ്ഞപ്പോൾ, ഹൃദയം ആർദ്രതയായി. എല്ലാവരും മണ്ണിന്റെ അവകാശികൾ എന്നു കാണുന്നതുതന്നെ ലോകസത്യം. ഈ അവതരണത്തിന് ആശംസകൾ......

    ReplyDelete
  55. ഇതു കഥയായി തോന്നിയില്ല
    നല്ല ഒരു സന്ദേശം വളരെ വെടിപ്പായി പറഞ്ഞിരിക്കുന്നു - ആരുടെയും മനസിനുള്ളിളേക്കു ചെല്ലും വിധം

    ReplyDelete
  56. ചെങ്ങാതീ ...........എല്ലാം ഒത്തു വന്ന ഒരു നല്ല കഥയുടെ പൊലിമയില്‍ വായിച്ചു തുടങ്ങി .പക്ഷെ ,ഒടുവില്‍ എഴുത്ത് കെയര്‍ ലെസ്സ് ആയോ എന്നൊരു സംശയം .എന്നാലും ഇഷ്ടമായി ..
    എന്‍റെ കുഞ്ഞു കാലത്തെ ഓര്‍മ്മകളില്‍ ഉണ്ട്,പെടാപുറത്തെ പടിക്കട്ടിലില്‍ വെള്ള പുതച്ചു കിടന്ന ഒരു കുഞ്ഞു മയിലാഞ്ചി.....എന്‍റെ കൂടപ്പിറപ്പ്.....
    എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാ എന്ന തോന്നലുകളുടെ വലിയ പെരുന്നാളായിരുന്നു എനിക്കെന്റെ കുട്ടിക്കാലം.
    നനവുള്ള ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചു താങ്കളുടെ പോസ്റ്റ്‌ ....നന്ദി ....ആശംസകള്‍ ...

    ReplyDelete
  57. ഹൃദ്യമായ്‌ പറഞ്ഞു കഥ.. ഒരു വലിയ ജീവിത സത്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്. അയല്‍ക്കാരനെ മറന്ന്‍ ദൈവത്തെ തേടി പോകുമ്പോള്‍ അറിയുന്നില്ലല്ലോ യാചിച്ചു നേരെ നീളുന്ന ഓരോ കൈകളും ഈശ്വരന്റെ കൈ തന്നെയെന്ന്... മൈലാഞ്ചി ചോപ്പ് പോലെ മായാതെ.. ഒരു വിങ്ങലായ്‌ ഈ കഥ.

    ReplyDelete
  58. ആദ്യ വായനയാണ് ഖാദു, കണ്ണീരു കൊണ്ട് കാഴ്ച മറയുന്നു, നഷട്പ്പെടാന്‍ പോകുന്ന ജീവനെ തിരിച്ചു പിടിക്കാന്‍ ഇന്നുവരെ ഒരു വഴിയും ആരും കണ്ടെത്തുന്നില്ലല്ലോ,, വിടരും മുന്നേ പൊഴിയുന്ന പൂക്കള്‍ക്ക് ഒരിത്തിരി വെള്ളവും വളവും കൊടുത്തിരുന്നെങ്കില്‍ കുറച്ചു നാള്‍ കൂടി ഈ ലോകത്തെ കാഴ്ചകള്‍ കണ്ടേനെ അല്ലെ.സഹായിക്കാന്‍ കഴിയുന്നവര്‍ പോലും നിശബ്ധരാകുന്ന ഈ കാലത്ത് പ്രതീക്ഷകള്‍ക്ക് എവിടെ സ്ഥാനം.... അസ്സലായിട്ടുണ്ട് ഇത്,ആശംസകള്‍..

    ReplyDelete
  59. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം ബാക്കിയായി. മൈലാഞ്ചിയും പ്രവാചക സ്മരണയും വേര്പാടുമെല്ലാം കൂടിച്ചേര്‍ന്ന ഒരു വ്യത്യസ്ത രചന.

    ReplyDelete
  60. പ്രിയ ബ്രദര്‍
    വളരെ ഹൃദ്യമായ രചന
    നല്ല ഫ്ലോ
    ആശംസകളോടെ

    ReplyDelete
  61. എല്ലാവരും നന്നായി എന്ന് പറയുമ്പോള്‍ ഞാന്‍ മാത്രം എങ്ങനെ നന്നായില്ല എന്ന് പറയും....
    നന്നായി ...എനിക്കു പേര് തന്നെ ഇഷ്ടായി..കഥ പറയുന്ന ഖബറുകള്‍..
    എന്നാലും...
    "ഇത് ഞാന്‍ രണ്ടാമത്തെ ഹജ്ജിനു പോയി വന്നപ്പോള്‍ കൊണ്ട് വന്നതാ..." ഈ വാക് ഞാന്‍ ഒരുപാട് പ്രാവശ്യം കേട്ടതാണ്.
    മദ്രസയിലും രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പാഠത്തില്‍ ഇതേ വക്കുകലുണ്ടയിരുന്നത് ഓര്‍ക്കുന്നു...പിന്നെ ഏതൊക്കെയോ സിനിമകളിലും...
    മനസ്സില്‍ തട്ടി...

    ReplyDelete
  62. അവിടെയെത്തുമ്പോൾ എല്ലാവരും തുല്യരാണെന്നു് ഓർമ്മിക്കാൻ പോലും ആർക്കുമില്ല നേരം.

    ReplyDelete
  63. ഭംഗിയായി പറഞ്ഞു.

    ReplyDelete
  64. മനസ്സില്‍ ഒരു മൈലാഞ്ചി മുള്ളു കൊണ്ടതുപോലെ നീറ്റല്‍.
    ജീവിതത്തില്‍ എത്ര അകലം ഉണ്ടായാലും മരണത്തില്‍ അടുത്ത ഖബറുകളില്‍ ഉറങ്ങേണ്ടി വരും എന്ന സത്യം മനുഷ്യര്‍ മനസ്സിലാക്കുന്നില്ല.
    ഭംഗിയായി പറഞ്ഞു,ഖാദു

    ReplyDelete
  65. നല്ലൊരു സന്ദേശം പ്രവഹിപ്പിച്ച്
    ഭാവനയെ കൂട്ടികൊണ്ടുവന്നഭിനയിപ്പിച്ച
    ഇക്കഥ , ഒരു നൊമ്പരത്തിപ്പൂവ് വായനക്കാരുടെ
    ഉള്ളിൽ വിരിയിപ്പിച്ചതാണിതിന്റെ മഹത്വം കേട്ടൊ ഖാദു ..

    ‘മരണം വരുമൊരുനാൾ ഓർക്കുക മർത്യാ..നീ‘
    ഈ പാട്ടിന്റെ വരികൾ എന്റെ ചെവിയിൽ മുഴങ്ങുന്നൂ...

    ReplyDelete
  66. അവതരണം ഇഷ്ടമായി എഴുത്ത് തുടരട്ടെ

    ReplyDelete
  67. നല്ല അവതരണ മികവോടെയുള്ള ഹൃദയമാ കഥ അഭിനന്ദനങ്ങള്‍ ആശംസകള്‍ @പുണ്യാളന്‍

    ReplyDelete
  68. കരളലിയിപ്പിക്കുന്ന മറ്റൊരു കഥ,മൈലാഞ്ചിചെടി ഇപ്പോഴും ഒരു നൊമ്പരപ്പെടുതലായി ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു ..ആശംസകള്‍

    ReplyDelete
  69. മൈലാഞ്ചി ചെടി നല്ല ഓര്‍മ്മകള്‍ മാത്രമേ തന്നിരുന്നുള്ളൂ..
    ആ ചോപ്പ് കയ്യില്‍ മാത്രമല്ല .. കണ്ണില്‍ തിളക്കവും തന്നിരുന്നു..
    ഇന്ന് അതെ ചെടി. മനസ്സ് വിഷമിപ്പിച്ചു...

    മൂസാക്കാ... ഇങ്ങള് പലരുടെയും പ്രതീകമാണ്...
    നന്നായി അവതരണം ..
    ഭാവുകങ്ങള്‍..

    ReplyDelete
  70. മനസ്സില്‍ തട്ടിയ മൈലാഞ്ചി കഥ .......
    ഇഷ്ടായി ഖാദു

    ReplyDelete
  71. മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒരു കഥ.നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കുന്നു.മനോഹരമായ രചനാശൈലി. അഭിനന്ദനങ്ങളോടെ..

    ReplyDelete
  72. വരികളിലൂടെ വായനക്കാരനെ ചിന്തിപ്പിക്കാന്‍ കഴിയുന്നിടത്താണ്, എഴുത്തുകാരന്റെ വിജയം.
    മനസ്സിലെ ഭാവന കഥയിലും, ഹൃദയത്തിലെ നന്മ കമെന്റു ലിങ്കിലും കാണാം...
    ഹൃദയത്തില്‍ നിന്ന് ആശംസകള്‍ നേരുന്നു

    ReplyDelete
  73. പാവപ്പെട്ടവന്റെ ദൈവവും പണക്കാരന്റെ ദൈവവും ദൈവത്തിനുമുണ്ട് തരംതിരിവ്!
    ദുഷ്ടനെ പനപോലെ വളര്‍ത്തും ശിഷ്ടനെ വീണ്ടും വീണ്ടും ദുഖ:ങ്ങള്‍കൊടുത്ത് ഞെരുക്കും.
    അന്തം വിട്ട് നോക്കി നില്ക്കുന്ന മനുഷ്യന്‍ പറയും
    "ദൈവത്തിന്റെ മഹത്തായ പദ്ധതി എന്തെന്ന് പറയാന്‍ അല്പനായ മനുഷ്യന് ആവില്ലല്ലൊന്ന്" ..
    എന്നാലും ചോദിക്കുവാ അല്ലയോ ദൈവമെ മനുഷ്യന്റെ കണ്ണീര് കാണാനിത്രയ്ക്ക് ഇഷ്ടമാണൊ നിനക്ക്?

    ReplyDelete
  74. ചെറു കഥാ ലോകത്തെ രാജാ കുമാരന്‌ ആശംസകള്‍.. ഒത്തിരി ഒത്തിരി ഇഷ്ട്ടമായി .. സസ്നേഹം ..

    ReplyDelete
  75. നല്ല കഥ. മീസാന്‍ കല്ലുകള്‍ കഥപറയുന്നു... തീവ്രമായി അവതരിപ്പിച്ചിട്ടുണ്ട്.

    ReplyDelete
  76. നല്ല കഥ ..ആശംസകള്‍ ..

    ReplyDelete
  77. കാശുള്ളവർക്കതു പരീക്ഷണം, കാശില്ലാത്തവർക്കതും പരീക്ഷണം. ഗുണപാഠങ്ങളുൾക്കൊള്ളാൻ നല്ലൊരൂ രചന. അഭിനന്ദനം

    ReplyDelete
  78. വായിച്ചു.കഥ നന്നായിട്ടുണ്ട്.പൂത്തു നില്‍ക്കുന്ന മൈലാഞ്ചി ച്ചെടിയുടെ ചിത്രവും നന്നായിട്ടുണ്ട്. എന്നോ കണ്ടതാണ് ഈ ഒരു കാഴ്ച

    ReplyDelete
  79. നന്നായി പെങ്ങളുടെ മരണവും മൂസാഹാജിയുടെ ഹജ്ജും തമ്മിലുള്ള ബന്ധം അവസാനമേ മനസ്സിലായുള്ളൂ

    ReplyDelete
  80. കുറച്ചു കാലത്തിനു ശേഷമാണ് ബ്ളോഗ് ലോകത്തേക്ക് വീണ്ടും വരുന്നത് .. സമയ കുറവ് തന്നെ കാരണം .. khaadu വില്‍ തുടങ്ങാം എന്നു വച്ചു ... തുടക്കം എന്തോ ഒരു പതര്‍ച്ച പോലെ.. പിന്നെ പതുക്കെ കഥയില്‍ ശരിക്കും മുഴുകി പോയി .. വളരെ നന്നായിട്ടുണ്ട് khaadu ... മനസ്സില്‍ ഒരു നൊമ്പരം ഉണ്ടാക്കി .. ഇഷ്ടമായി .. വളരെ .. ആശംസകള്‍ ..

    ReplyDelete
  81. അഴകിയ രാവണന്മാര്‍ വാഴും ലോകം; ദൈവത്തെപ്പോലും തന്റെ പ്രസ്റ്റീജിന്റെ ഭാഗമാക്കിതീര്‍ക്കാന്‍ ശ്രമിയ്ക്കുന്നു. തുറന്നകയ്യൊടെ ജനിച്ച് തുറന്ന കയ്യോടെ തന്നെ വിടപറയേണ്ടവരാണ് നാമെന്ന യാതാര്‍ത്ഥ്യം പലരും മറന്നുപോകുന്നു. വളരെ ലളിതമായി കഥപറഞ്ഞു..

    ആശംസകള്‍ ഖാദരു..!

    ReplyDelete
  82. ഞാൻ ഇവിടെ അഭിപ്രായം ഇട്ടെന്നാ കരുതിയത്....എന്തായാലും ഇരിപ്പിടത്തിൽ ഞാൻ ഇതിനെക്കുറിച്ച് എഴുതിയിരുന്നൂ....ഖാദുവിനു ഭാവുകങ്ങൾ

    ReplyDelete
  83. നല്ല കഥ, നാട്ടുകാരാ..

    ReplyDelete
  84. നന്നായി എഴുതി..

    സഹജീവികളോട് കരുണ കാട്ടാന്‍ മനുഷ്യന്‍ എന്നാണു പഠിക്കുക ?

    ReplyDelete
  85. കൊള്ളാം ,വളരെ ഹൃദയസ്പര്‍ശിയായ വിവരണം.സ്നേഹം ,കരുണ ,ദയ മനുഷ്യത്വം ഇവയെല്ലാം ഇന്ന് വെറും വാക്കുകള്‍ മാത്രമാകുന്ന ഈ ലോകത്തില്‍ ......?ആശംസകള്‍ .

    ReplyDelete
  86. ഒരിക്കല്‍ ഈ വഴി വന്നു പോയതാ ഞാന്‍ . അന്ന് കമന്റാന്‍ കഴിഞ്ഞില്ല ..
    പക്ഷെ കാദുവിന്റെ മൈലാഞ്ചിപ്പൂക്കള്‍ മനസ്സില്‍ കിടന്നു ഓര്‍മിപ്പിച്ചു,
    ഒന്നൂടെ വായിച്ചു കാദുവിനു ഒരു കമന്റു തരാന്‍ ...അതാ വീണ്ടും വന്നത് ..
    വായിച്ചു ..സൊന്തം അനുഭവം തന്നെയാണോ ?എന്തായാലും നന്നായി അവതരിപ്പിച്ചിരിക്കുന്നു ...
    കുഞ്ഞുപെങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം ട്ടോ .

    ReplyDelete
  87. മനസ്സില്‍ ഒരു വിങ്ങലുളവാക്കി ഇത് വായിച്ചപ്പോള്‍,,നന്നായി എഴുതി സുഹ്രിത്തേ

    ReplyDelete
  88. "ഒരു മനുഷ്യന്‍ തുടങ്ങുന്നത് ഒന്നും ഇല്ലായ്മയില്‍ നിന്നാണ്. മരണം മനുഷ്യനെ വീണ്ടും അവിടെത്തന്നെ എത്തിക്കുന്നു. ഇതിനിടയില്‍ കിട്ടുന്നതെല്ലാം നൈമിഷികം മാത്രം. ആ സ്വാര്‍ത്ഥ മോഹങ്ങളെ കുറച്ചെങ്കിലും അകറ്റി നിര്‍ത്തി ഒന്ന് സ്വതന്ത്രമാകാന്‍ ആ സ്വാതന്ത്ര്യം പങ്കുവെയ്കാന്‍ ഒന്ന് തോന്നിപ്പിച്ചിരുന്നെങ്കില്‍..."

    ReplyDelete
  89. വായിച്ചു അഭിപ്രായം അറിയിച്ചവരും അല്ലാത്തവരുമായ പ്രിയ സുഹൃത്തുക്കളെ നന്ദി...
    ഈ സ്നേഹത്തിനു, പരിഗണനക്ക്, പ്രോത്സാഹനത്തിനു നന്ദി വാക്കില്‍ ഒതുക്കാന്‍ കഴിയില്ലെന്നറിയാം...
    എങ്കിലും നിറഞ്ഞ സ്നേഹത്തില്‍ പറയട്ടെ ... ഒരിക്കല്‍ കൂടി നന്ദി എല്ലാര്‍ക്കും...

    ReplyDelete
  90. ആദ്യത്തെ 10 വരി ശരിക്കും ഒരു കവിത പോലെ...

    ReplyDelete
  91. സദ് വചനങ്ങൾ മൊഴിഞ്ഞും , പണം വാരിയെറിഞ്ഞും മാത്രം ദൈവദാസന്മാരെന്നു നടിക്കുന്നവർ ഉള്ള നാടല്ലേയിത്. പൊറുക്കുക അവരോട്.

    ReplyDelete
  92. നന്നായി എഴുതി.. പണത്തിനു മേലെ എന്തോ കാക്കപറക്കില്ലെന്നോ മറ്റോ...

    ReplyDelete
  93. നന്നായിട്ടുണ്ട്

    ReplyDelete
  94. ആറടിമണ്ണിൽ സർവ്വരും തുല്യരാണെന്ന് ജീവിച്ചിരിക്കുമ്പോൾ ആരും ഓർക്കാറില്ല.
    അത് മനസ്സിലാക്കി പെരുമാറുന്നവർ ദൈവങ്ങളായി മനുഷ്യമനസ്സുകളിൽ കുടിയേറും.
    ആശംസകൾ...

    ReplyDelete
  95. നന്മയും സാഹോദര്യവും വാ തോരാതെ പ്രസംഗിച്ചു നടക്കുന്ന,
    കര്‍മ്മം കൊണ്ട് തികച്ചും പാപ്പരായ ആളുകള്‍ ... നാളെ പോകാനുള്ള യാത്രയെ മറന്നവര്‍ ..................... ഹൃദയം തൊട്ട രചന ...അഭിനന്ദനങ്ങള്‍ ..........!!

    ReplyDelete
  96. നല്ലൊരുത്തന് നന്മ ചെയ്യാന്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെയും ആവശ്യമില്ല, പക്ഷെ അവന് തിന്മ ചെയ്യാന്‍ അതാവശ്യമാണ്.

    ReplyDelete

മിണ്ടിയാല്‍ സന്തോഷം... :)