Thursday, June 7, 2012

അന്തിവെയിലില്‍....


All the world's a stage,
And all the men and women merely players;  They have their exits and their entrances,
And one man in his time plays many parts,  His acts being seven ages. 
      
             കവിതയിലെ വരികള്‍ ഉറക്കെ വായിച്ചു, കയ്യിലിരുന്ന ബുക്ക്‌ മേശമേല്‍ വച്ച്, സെബാസ്ത്യന്‍ മാഷ്‌ പാഠ ഭാഗത്തിന്റെ വിശദീകരണത്തിലേക്കു കടന്നു. ജീവിത നാടകത്തിലെ ഏഴു വേഷങ്ങള്‍ പറഞ്ഞു തരാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും, പകുതിയോളം ഇനിയും ബാക്കിയാണ്. ഞങ്ങളാണെങ്കില്‍ ഇതിപ്പോഴൊന്നും തീരല്ലെയെന്ന പ്രാര്‍ത്ഥനയിലും. അത്രയ്ക്ക് രസകരമാണ്‌ മാഷിന്റെ ക്ലാസ്. ചെറിയ കാര്യങ്ങള്‍ പോലും, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രങ്ങളും, പുരാണങ്ങളും പറഞ്ഞു പറഞ്ഞു, ഒരു മാന്ത്രികനെ പോലെ ഞങ്ങളെ മറ്റൊരു ലോകത്തേക്കു കൈപിടിച്ചു നടത്തും. അതു കൊണ്ടു തന്നെ പാഠഭാഗങ്ങളെക്കാള്‍ പരിചയം ഗ്രീക്ക് ദേവന്മാരും ദേവതമാരുമായിരുന്നു..!
                  കാലങ്ങള്‍ക്കിപ്പുറം, എല്ലാം ഓര്‍മകള്‍ക്കു വെളിയിലായി. ഇടക്കൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുമെങ്കിലും, ദേവതമാരുടെയോന്നും പേരു പോലും ഓര്‍ത്തെടുക്കാന്‍ കഴിയാറില്ലെന്നതു സത്യം..! കഴിഞ്ഞ ദിവസമാണ് വീണ്ടും മാഷിന്റെ ഫോണ്‍ വന്നത്. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നോര്‍മിപ്പിച്ചു കൊണ്ട്. അപ്പോള്‍ തുടങ്ങിയതാണ്‌ ആ വേഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍. ഒത്തുവന്നാല്‍ ഈ വരികള്‍ വിവരിച്ചു, കൂട്ടുകാരുടെ മുന്നില്‍ ആളാവാലോ.. മാഷിനും വലിയ സന്തോഷമാകും..!
          ഓര്‍മ കൂമ്പാരങ്ങളില്‍ ചിക്കിചികഞ്ഞിട്ടും ആറാമത്തെ വേഷം മാത്രം കണ്ടില്ല. പണ്ടും ഇങ്ങനെയായിരുന്നു. പരീക്ഷയില്‍ ഇതെഴുതുമ്പോള്‍, ബാല്യവും കൌമാരവുമെല്ലാം ആടിയതും ആടിക്കൊണ്ടിരിക്കുന്നതുമായ വേഷങ്ങളായതിനാല്‍ പെട്ടെന്ന് എഴുതാന്‍ കഴിഞ്ഞു. അല്ലെങ്കിലും ബാല്യ കൌമാരം മറക്കാന്‍ കഴിയുന്ന മനുഷ്യരുണ്ടോ...! പിന്നെ മൂന്നാമത്തെ വേഷം, അതായിരുന്നു മാഷ്‌ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിശദീകരിച്ചത്.. 'കാമുകന്റെ വേഷം'..!
ഇന്നിന്റെയും ഇന്നലകളുടെയും പ്രണയത്തെ കുറിച്ചു വാചാലനായപ്പോള്‍ പലരും മുഖത്തോടു മുഖം നോക്കി വായ പൊത്തി ചിരിച്ചു. 
അന്ന് മാഷ്‌ പറഞ്ഞു.. ''ആരും ചിരിക്കേണ്ട. പച്ചയായ സത്യങ്ങളാണ് ഷേക്സ്പിയര്‍ പറഞ്ഞിട്ട് പോയത്, ഇതും അതിലൊന്നാണ്. ഈ പ്രായത്തില്‍ ആണിനു പെണ്ണിനോടും, പെണ്ണിനു ആണിനോടും ആകര്‍ഷണം തോന്നും, അത് പ്രകൃതി നിയമമാണ്''. 
അതു കേട്ടും പലരും ചിരിച്ചു.. അതു കണ്ടു മാഷ്‌ തുടര്‍ന്നു...
''അങ്ങനെ തോന്നാത്തവര്‍, അതു ആണായാലും പെണ്ണായാലും അവര്‍ നോര്‍മലല്ല എന്നു വേണം കരുതാന്‍..''
  
മാഷിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണെന്നു തോന്നുന്നു..., വിധിയാല്‍ വിധവയാകേണ്ടി വന്ന ഒരാളെ വിവാഹം ചെയ്തു, ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന ആഗ്രഹം പോലും മാറ്റി വച്ച്,  എന്നും ഒളികണ്ണിട്ടു മാത്രം നോക്കിയിട്ടുള്ള, മൂന്നാമത്തെ ബെഞ്ചിലെ പര്‍ദക്കാരിയെ ഞാന്‍ ധൈര്യത്തോടെ നോക്കി തുടങ്ങിയത്..!


Thursday, March 22, 2012

വിള തിന്നുന്ന വേലികള്‍...

അദ്ദേഹം അങ്ങനെയാണ്...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിനു താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താന്‍ അദ്ദേഹം വേഗത്തില്‍ നടന്നു...

ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളെയും, തന്നെ നോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നു നീങ്ങുന്നവരെയും തണുപ്പ് പുതച്ചു നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്നു പാടുന്ന പക്ഷികളെയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടെയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നു കൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം.
                       
 നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍, ആവശ്യത്തിനുമാത്രം സംഭാഷണം.. ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തില്‍ വേറെയില്ലെന്ന് പലരും പറയാറുണ്ട്‌ . പ്രത്യേകിച്ച് , ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലോ... മാത്രമല്ല സ്വന്തവും ബന്ധവും മറക്കുന്ന, തിരക്കു പിടിച്ച ജീവിതത്തിലും സഹജീവികള്‍ക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാനുള്ള മനസ്സ്, അയാളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള പ്രവര്‍ത്തനം അയാളെ ബഹുമാന്യനാക്കി. ഒരുതരത്തില്‍ പറഞ്ഞാല്‍, പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ കാരണമായത് അച്ഛന്റെ മദ്യപാനം അയാള്‍ക്കു സമ്മാനിച്ച ചില കയ്പേറിയ അനുഭവങ്ങളും....... 

Tuesday, February 21, 2012

കഥ പറയുന്ന ഖബറുകള്‍...


    പൂത്തുലഞ്ഞ മൈലാഞ്ചി ചെടികള്‍ അസ്തമയ സൂര്യന്റെ മഞ്ഞ വെളിച്ചത്തില്‍ തിളങ്ങി നിന്നു. ഇളംകാറ്റില്‍, തന്നെ മാടി വിളിക്കുവതെന്നോണം ഇളകിയാടുന്ന തളിരിലകളില്‍ തഴുകി മുന്നോട്ടു നടക്കുമ്പോള്‍ ശ്മശാനമൂകതയെന്നതു ശരിക്കും അനുഭവിച്ചറിയുകയായിരുന്നുപ്രിയപ്പെട്ടവരുടെ വിയോഗങ്ങളുടെ വേദനകള്‍ പൂവായ് വിരിഞ്ഞു നിൽക്കുന്നു....! അതിനിടയിലൂടെ... തനിക്കായി പൂവിട്ട മൈലാഞ്ചിയുടെ അടുത്തെത്തിയപ്പോള്‍ കാലുകള്‍ അറിയാതെ നിശ്ചലമായി. നിറയെ പൂവും കായകളുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ മാറോടു ചേർത്തു പിടിക്കാനാണു തോന്നിയത്... അതെ... അത് അവളാണ്, തന്റെ കുഞ്ഞു പെങ്ങൾ..! ഇതിനു താഴെ ഈ ഖബറിലാണല്ലോ അവളുറങ്ങുന്നത്..!

           അവള്‍ക്കും മൈലാഞ്ചി ജീവനായിരുന്നു. ഇല പറിച്ചു, അമ്മിയില്‍ അരച്ചെടുത്തു കുഞ്ഞു കയ്യിലിട്ടു കൊടുക്കുമ്പോള്‍ അവളുടെ കയ്യിലെ ചുവപ്പിനെക്കാള്‍ തന്നെ സന്തോഷിപ്പിച്ചിരുന്നത്‌ ആ കണ്ണിലെ തിളക്കമായിരുന്നു. ഇന്നാണെങ്കില്‍ സ്വന്തം ജീവന്‍ കൊടുത്തിട്ടാണെങ്കിലും ആ തിളക്കം കാത്തു വെക്കുമായിരുന്നു. 
               ഒരിക്കല്‍ മൈലാഞ്ചിക്കായ കടലയാണെന്നും പറഞ്ഞു കൊടുത്തതും, വായിലിട്ടു ചവച്ചു ഇളിഭ്യയായപ്പോള്‍ ബാക്കി വന്ന കായ തന്റെ നേരെ വലിച്ചെറിഞ്ഞു അവള്‍ പറഞ്ഞത്.. ''ഈ കടല കാക്കാന്റെ ഓള്‍ക്ക് കൊണ്ട് കൊടുക്ക്‌''...  ഓര്‍ത്തപ്പോള്‍ തന്നെ കണ്ണു നിറഞ്ഞു. 
        വര്‍ഷങ്ങളുടെ ഇടവേളകളില്‍ വീണുകിട്ടുന്ന അവധിയില്‍, ഇവിടേക്കുള്ള വരവ് എന്നും തന്റെ കണ്ണു നനയിച്ചിട്ടെയുള്ളൂ. ഇനിയും ഇവിടെ നിന്നാല്‍ താന്‍ നിയന്ത്രണം വിട്ടു കരഞ്ഞു പോകും. കണ്ണുകള്‍ അമര്‍ത്തി തുടച്ചു, ഒരു കുല കായ പറിച്ചെടുത്തു ഖബറിനു മുകളിലായി അവളുടെ വലതു കയ്യിന്റെ ഭാഗത്തു വച്ചു കൊടുത്തു. വെറുതെയാണെന്നറിഞ്ഞിട്ടും മറുപടിക്കായി ഒരു നിമിഷം കാത്തു നിന്ന്, നിരാശയോടെ നടക്കാനൊരുങ്ങിയപ്പോഴാണ് തൊട്ടടുത്തായി പണിത പുതിയ ഖബര്‍ കണ്ണില്‍ പെട്ടത്. കഴിഞ്ഞതവണ വന്നപ്പോള്‍ ഇതിവിടെ ഇല്ലായിരുന്നല്ലോ എന്ന ആകാംക്ഷയിലാണ് മീസാന്‍ കല്ലില്‍ മനോഹരമായി കൊത്തിവച്ച പേരിലേക്ക് നോക്കിയത്...