Monday, August 1, 2011

ഡയറി കുറിപ്പുകള്‍...

         29 JUNE 1980
...............................................................
                       എന്നും എഴുതാറുള്ളത് പോലെ ഇന്നെനിക്കെഴുതാന്‍ കഴിയുന്നില്ല. എന്തെഴുതണം എവിടെ തുടങ്ങണം എന്നെനിക്കറിയില്ല.  ഇന്നത്തെ ദിവസം ഭൂമിയിലെ ഏറ്റവും സന്തോഷവതി ചിലപ്പോള്‍ ഞാനായിരിക്കും. സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം എന്നൊക്കെ കഥകളിലും കവിതകളിലും വായിച്ചപ്പോഴും , മറ്റുള്ളവര്‍ പറഞ്ഞപ്പോഴൊന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഒരു സ്ത്രീക്കും ജീവിതത്തില്‍ മറക്കാനാവാത്ത ദിവസം. സ്ത്രീകള്‍ക് മാത്രമായി കിട്ടിയ അനുഗ്രഹം. ജന്മം നല്‍കുകയെന്ന മഹാഭാഗ്യം. അതെ ഇന്ന് ഞാനൊരു അമ്മയായി.  ഇന്നലെ വരെ ഞാന്‍ ഇതില്‍ എന്നെക്കുറിച്ച് മാത്രമാണ് എഴുതിയത്. ഇന്ന്  മുതല്‍ എനിക്ക് കൂട്ടിനു ഒരാളുണ്ട്, ഞാന്‍ ആഗ്രഹിച്ചത് പോലെ ... തങ്ക കുടം പോലെ ഒരു ആണ്‍ കുഞ്ഞ്. ......................
............................................................
                വാര്‍ധക്യം ചുക്കി ചുളിച്ച വിരലുകളിലൂടെ ഡയറി താളുകള്‍ മാറി മാറി വന്നു.  എന്നോ കുറിച്ചിട്ട  നിറമുള്ള ബാല്യവും , സ്വോപ്നം കണ്ട കൌമാരവും  അനുഗ്രഹീതമായ മാതൃത്വവും   മറ്റും വരികള്കിടയിലൂടെ കണ്ടു . അവന്‍ ഉറങ്ങാന്‍ വേണ്ടി   ഉറങ്ങാതിരുന്ന രാത്രികളും, അവനു വേണ്ടിയുള്ള വഴിപാടുകളും നേര്‍ച്ചകളും, അവനു വേണ്ടി മാത്രമായി വന്ന ഉദയാസ്തമായങ്ങളും കണ്മുന്നില്‍ താളുകളായി മറിഞ്ഞപ്പോള്‍ താരാട്ടിന്റെ ഈണങ്ങളും അവന്റെ കൊച്ചു വര്‍ത്തമാനങ്ങളും കാതില്‍ വന്നലച്ചു...  കയ്യ് വളര്‍ന്നതും  കാലു വളര്‍ന്നതും , ആദ്യമായ് ചിരിച്ചതും , ആദ്യ പല്ല് മുളച്ചതും , ആദ്യമായ്  അമ്മെ  എന്ന്  വിളിച്ചതും,        ആദ്യ പിറന്നാള്‍  വന്നതും,  ഇന്നെന്ന പോലെ കണ്മുന്നില്‍ കണ്ടു.  ആദ്യമായ് സ്കൂളിലയച്ചപ്പോള്‍   അമ്മ  കൂടെയിരിക്കണംമെന്നു  വാശി പിടിച്ചതും,  പിന്നെ പിന്നെ  വൈകുന്നെരങ്ങളില് ‍  വഴി കണ്ണുമായ്  കാത്തു നിന്നതും, പനിച്ചു വിറച്ചപ്പോള്‍ കരളു പിടയുന്ന വേദനയോടെ ഓടിനടന്നതും ,  പരീക്ഷകളില്‍  വിജയിച്ചപ്പോള്‍   അവന്റെ അമ്മയെന്ന് അഭിമാനിച്ചതും, അവന്‍ കണ്ടെത്തിയ പെണ്ണിനെ നിലവിളക്കുമായി സ്വീകരിച്ചതും, ഒന്നിന് പുറകെ ഒന്നായി ...തുളുംബിയ കണ്ണുനീരില്‍ പ്രതിഫലിച്ചു കണ്ടു....  കണ്ണീരിനിടയില്‍ പലതും കാണാതെ പോയപ്പോള്‍ മറ്റു ചിലത് കാണാത്തത് പോലെ മറച്ചു പിടിച്ചു..... പിന്നെ നിറ കണ്ണുമായി പേന കയ്യിലെടുത്തു.....

16 MAY 2010
.......................................................................
         നാല് വര്‍ഷം മുന്‍പ് , അവന്റെ പിറന്നാള്‍ ദിവസത്തിലാണ് ഞാന്‍ ഇവിടെ എത്തിയത്. അതിഥികളും വലിയ വലിയ ആള്കാരും വരുമ്പോള്‍  അതെനിക്ക് ബുദ്ധിമുട്ടാകും  എന്നാണ് അന്നവന്‍ കാരണമായി പറഞ്ഞത്. തിരികെ കൂടികൊണ്ടുപോകാന്‍ അവന്‍ വരുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. പിന്നെ പിന്നെ ഇവിടെയുള്ള കുറെ അമ്മമാരുടെ ഇടയില്‍ ഒരാളായി ഞാന്‍.   മാസാമാസം പതിവ് തെറ്റാതെ പണം വന്നതല്ലാതെ... നാല് വര്‍ഷമായി  ഞാനെന്റെ മോനെ  കണ്ടിട്ട്.  ഒത്തിരി അസുഖവും  കൂട്ടിനുണ്ട് . മനസും ശരീരവും തളര്‍ന്നു.   എന്തോ... എനിക്കിനി  അതികം   ആയുസില്ലെന്നു മനസു പറയുന്നു...  മോനെ കാണണം...  അവനു സുകമാണോ  എന്നറിയണം .   ഒത്തിരി വിശേഷങ്ങള്‍ അറിയണം..പേരകുട്ടികളെ കാണണം...  അത് കൊണ്ടാണ് ഇന്നലെ  വാര്‍ഡനോട്  പറഞ്ഞു അവനെ കാണണമെന്നറിയിച്ചത്.. ഇന്ന്  രാവിലെ മുതല്‍ കാത്തിരുന്നു... വൈകുന്നേരം അവന്റെ  ഫോണ്‍ ഉണ്ടായിരുന്നു... നാല് വര്‍ഷത്തിനിടയില്‍ അപൂര്‍വമായി  മാത്രമാണ്  അവനുമായി സംസാരിക്കാന്‍ അവസരം കിട്ടിയിടുള്ളത്..   ഇന്ന്  ഒന്നും  സംസാരിക്കാനും   പറ്റിയില്ല ..അവന്‍ തിരക്കിലായിരുന്നു .. നാല് വര്‍ഷമായിട്ടും തീരാത്ത തിരക്ക്.... നാളെ അവന്റെ ഇളയകുട്ടിയുടെ ആദ്യ പിറന്നാളാണ്...  ആഘോഷത്തിനുള്ള  ഒരുക്കങ്ങളുടെ  തിരക്കിലാണ് എല്ലാവരും..  പിന്നൊരിക്കല്‍ വരാമെന്ന് പറഞ്ഞു.....    അവന്‍ വരും ..എന്റെ പോന്നു മോന്‍ വരും... അത് വരെ എന്റെ കണ്ണടയാതിരുന്നാല്‍ മതിയായിരുന്നു......

2 comments:

മിണ്ടിയാല്‍ സന്തോഷം... :)